ലോക്‌സഭയില്‍ രമ്യ ഹരിദാസ് എംപിയെ ബിജെപി എംപി ശാരീരീകമായി കയ്യേറ്റം ചെയ്തു; സ്പീക്കര്‍ക്ക് പരാതി നല്‍കി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ ബിജെപി എംപി കയ്യേറ്റം ചെയ്തു. ബിജെപി എംപി ജസ്‌കാര്‍ മീണ ശാരീരികമായി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രമ്യ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. താന്‍ പട്ടികവിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്ന് രമ്യ ഹരിദാസ് പരാതിയില്‍ ചോദിച്ചു. ഇതിനിടക്ക് ബില്ല് അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു.

ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലിയാണ് ലോക്‌സഭ പ്രക്ഷുബ്ദമായത്. കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ നിര്‍ത്തി വെച്ചു. രണ്ട് മണിക്ക് ശേഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിപക്ഷ നിര വിട്ടുവീഴ്ചക്ക് തയ്യാറായില്ല. പ്രതിഷേധ ബാനറുമായി ഭരണപക്ഷ നിരയിലേക്ക് അടുത്ത ഗൗരവ് ഗോഗോയി ഹൈബി ഈഡന്‍ എന്നിവരെ പിടിച്ച് തള്ളി. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്‌സഭയിലെ ബിജെപി വനിതാ എംപിമാര്‍ തടയുകയായിരുന്നു.

ലോക്‌സസഭാ നടപടി നീട്ടിക്കൊണ്ട് പോകാനാണ് സ്പീക്കര്‍ ശ്രമിച്ചത്. പ്ലക്കാഡും ബാനറും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബാനറുമായി സഭയുടെ നടുത്തളത്തിലുണ്ടായിരുന്ന ഗൗരവ് ഗോഗോയി ഹൈബി ഈഡന്‍ എന്നിവര്‍ ബിജെപി എംപി സംസാരിച്ച് തുടങ്ങിയപ്പോള്‍ ബാനര്‍ പിടിച്ച് ഭരണനിരയ്ക്ക് അടുത്തെത്തിയതോടെയാണ് കയ്യാങ്കളിയായത്.

ബിജെപി എംപിമാരെത്തി ഇരുവരെയും പിടിച്ച് തള്ളി. അതോടെ ബഹളം സംഘര്‍ഷത്തിന് വഴിമാറി. ബെന്നി ബെഹന്നാന്‍ അടക്കം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ വരെ ഭരണ നിരയെ പ്രതിരോധിക്കാന്‍ ഇറങ്ങിയതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവക്കുകയായിരുന്നു.

കലാപം അപലപിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് സ്പീക്കര്‍ക്ക് കത്തുനല്കി. മൃദുനിലപാടെന്ന ആരോപണം ആം ആദ്മി പാര്‍ട്ടി തള്ളി. ഡല്‍ഹിയില്‍ സ്ഥിതി സാധാരണ നിലയിലായശേഷം ചര്‍ച്ചയാവാമെന്ന സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം തള്ളിക്കളഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. അതേസമയം, കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും, മരണമടഞ്ഞ കുടുംബത്തിനും വീടും സ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എ.എം ആരിഫ് എംപി ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കി.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാരയ അധീര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍, ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ ധര്‍ണ നടത്തി. അമിത് ഷാ രാജിവയ്ക്കുക എന്ന ബാനറുമേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.കേരള എംപിമാരുടെ സംഘം കലാപ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. എം. കെ. രാഘവന്‍, ഹൈബി ഈഡന്‍, ടി. എന്‍. പ്രതാപന്‍, വി. കെ. ശ്രീകണ്ഠന്‍, ആന്റോ ആന്റണി, ബെന്നി ബഹനാന്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.