‘ആശയപരമായ യുദ്ധത്തിന് കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്’; ദീപാനിഷാന്തിന് മറുപടിയുമായി രമ്യഹരിദാസ്

ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യഹരിദാസിനെ വിമര്‍ശിച്ച അധ്യാപിക ദീപാനിഷാന്തിന് മറുപടിയുമായി രമ്യഹരിദാസ് തന്നെ രംഗത്ത്. താന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്നും ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ടെന്നും രമ്യ പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ദീപ നിഷാന്തിന്റെ പേര് പരാമര്‍ശിക്കാതെയാണ് മറുപടി.

നേരത്തെ, ദീപാ നിശാന്ത് രമ്യക്കെതിരെ കടുത്ത രീതിയില്‍ വിമര്‍ശിച്ചായിരുന്നു പോസ്റ്റ് ചെയ്തത്. ‘രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം.പി ആവും’ എന്നാണ് അവകാശവാദം. ദീര്‍ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍ 1971ലെ പൊതു തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം.പിയായി ലോകസഭയില്‍ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം എന്നിങ്ങനെ പോവുന്നു ദീപയുടെ പോസ്റ്റ്.

ദീപാ നിശാന്തിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ദീപ നടത്തിയത് വംശീയ അധിക്ഷേപമാണെന്നാണ് പ്രധാന ആരോപണം. ഇന്നസെന്റിനെയും പി.വി അന്‍വറിനെയും പോലുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ഇടതുപക്ഷത്തിനെതിരെ യാതൊന്നും പറയാത്ത ദീപ രമ്യയെ മാത്രം തെരഞ്ഞുപിടിച്ച് വിമര്‍ശിച്ചത് ദീപയുടെ സവര്‍ണബോധമാണ് കാണിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്. ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങള്‍ എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോള്‍ പല തരത്തിലാണ് ആളുകള്‍ സ്വീകരിക്കുക. ഞാന്‍ ഒരു ദളിത് കുടംുബത്തില്‍ ജനിച്ച ഒരു ആളാണ്. വലിയ പണം ചെലവഴിച്ചല്ല ഞാന്‍ പാട്ട് പഠിച്ചത്. എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരു പാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോള്‍ പാടുന്ന തരത്തിക്ക് മാറ്റിയത്. അരി വാങ്ങാന്‍ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാന്‍ സാധിച്ചിട്ടില്ല. മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. കഴിവിനെ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് ആലത്തൂരിലെ ജനങ്ങള്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സില്‍ ഞാന്‍ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഒന്നും ഇല്ലാതാക്കാന്‍ ആര് വിളിച്ചാലും കഴിയില്ല.

SHARE