ന്യൂഡല്‍ഹി: 2020ല്‍ പ്രവാസി ഇന്ത്യയ്ക്കാര്‍ രാജ്യത്തേക്ക് അയക്കുന്ന പണത്തില്‍ പ്രതീക്ഷിച്ചതിലും 23 ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക്. 2019ല്‍ 83 ബില്യണ്‍ യു.എസ് ഡോളറാണ് ഇന്ത്യയിലെത്തിയിരുന്നത് എങ്കില്‍ ഈ വര്‍ഷം അത് 64 ബില്യണ്‍ ഡോളര്‍ മാത്രമായിരിക്കുമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നത്. കോവിഡ് കാരണമുള്ള ലോക്ക്ഡൗണ്‍, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവയാണ് പണമയക്കലിനെ പ്രതികൂലമായി ബാധിക്കുക. പണമയക്കലില്‍ 2021 ഓടെ 5.8 ശതമാനം വളര്‍ച്ചയുണ്ടാകും (115 ബില്യണ്‍) എന്നാണ് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
ദക്ഷിണേഷ്യയില്‍ മൊത്തം 22 ശതമാനത്തിന്റെ കുറവാണ് ഉണ്ടാകുക എന്നാണ് പഠനം പറയുന്നത്. 2019ലെ 6.1 ശതാനം വളര്‍ച്ചയില്‍ നിന്നാണ് ഇത് താഴോട്ടു പോകുന്നത്- കോവിഡ് ക്രൈസിസ് ത്രൂ എ മൈഗ്രേഷന്‍ ലെന്‍സ് എന്ന പേരിലുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യമാണ് യു.എസ്, യു.കെ, യൂറോപ്യന്‍ യൂണിയന് എന്നിവിടങ്ങളില്‍ നിന്ന് ദക്ഷിണേഷ്യയിലേക്കുള്ള പണമയക്കലിനെ ബാധിക്കുക. എന്നാല്‍ എണ്ണ വിലയിലെ ഇടിവാണ് ജി.സി.സിയില്‍ നിന്നും മലേഷ്യയില്‍ നിന്നുള്ള പണമയക്കലിന് പ്രതികൂലമാകുക- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ വിദേശത്തു നിന്ന് പണമെത്തുന്നത് ഇന്ത്യയിലാണ്. 2019ലെ കണക്കു പ്രകാരം 83.1 ബില്യണ്‍ യു.എസ് ഡോളറാണ് ഇന്ത്യയിലെത്തിയത്. പാകിസ്താനില്‍ ഇത് 22.5 ബില്യണും ബംഗ്ലാദേശില്‍ 18.3 ബില്യണുമാണ്. നേപ്പാള്‍ 8.1 ബില്യണ്‍, ശ്രീലങ്ക 6.7 ബില്യണ്‍, അഫ്ഗാനിസ്താന് 0.9 ശതമാനം എന്നിങ്ങനെയാണ് മറ്റു രാഷ്രങ്ങളിലെ കണക്ക്.
കൂടുതല്‍ ബാധിക്കുക കേരളത്തെ
ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ പതിനൊന്നാമത്തെ സമ്പദ് വ്യവസ്ഥയാണ് കേരളം. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 2.8 ശതമാനമേ കേരളത്തില്‍ ഉള്ളൂ എങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് നാല് ശതമാനത്തോളം സംഭാവന ചെയ്യുന്നത് കേരളമാണ്. ഗള്‍ഫില്‍ നിന്നു വരുന്ന പണമാണ് ഈ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. ഏകദേശം മുപ്പത് ലക്ഷം വിദേശികളാണ് ജി.സി.സി രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്നത്.

പ്രവാസി മലയാളികള്‍ വര്‍ഷം തൊണ്ണൂറായിരം കോടി രൂപയോളം കേരളത്തിലേക്ക് അയക്കുന്നു എന്നാണ് കണക്ക്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഏകദേശം 36 ശതമാനം വരുമിത്. യു.എസിലും യൂറോപ്പിലുള്ള പ്രവാസി മലയാളികള്‍ ഏകദേശം പത്തു ശതമാനമേ വരൂ. ഇതില്‍ മിക്കവരും അതതു രാജ്യങ്ങളില്‍ പെര്‍മനന്റ് വിസയുള്ളവരാകും. അതു കൊണ്ടു തന്നെ അവിടെ നിന്ന് കേരളത്തിലേക്കുള്ള പണമയക്കലിന് ഏറെ പരിമിതിയുണ്ട്. അതു കൊണ്ടു തന്നെ യു.എസിലെയും യൂറോപ്പിലെയും സാമ്പത്തിക ആഘാതങ്ങള്‍ കേരളത്തെ നേരിട്ടു ബാധിക്കില്ല.
എന്നാള്‍ ഗള്‍ഫ് മലയാളികളുടെ സ്ഥിതി അങ്ങനെയല്ല. 2008ല്‍ ഗള്‍ഫിലുണ്ടായ സാമ്പത്തിക മാന്ദ്യം കേരളത്തെ വല്ലാതെ ബാധിച്ചില്ല എങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമായിരിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ യു.എസില്‍, പിന്നീട് യു.എ.ഇ
2018ല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ കൂടുതലുള്ളത് യു.എസിലാണ്, 44.6 ലക്ഷം പേര്. യു.എ.ഇയാണ് രണ്ടാമത്, 30.1 ലക്ഷം പേര്. മലേഷ്യയില്‍ മുപ്പത് ലക്ഷം പേരും സൗദിയില്‍ 20.8 ലക്ഷം പേരും മ്യാന്മറില് ഇരുപത് ലക്ഷവും പ്രവാസികളുണ്ട്.
ഇതില്‍ ഏറ്റവും കൂടുതല്‍ അവിദഗ്ദ്ധ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് യു.എ.ഇയിലാണ്. 2019 ഫെബ്രുവരിയിലെ കണക്കു പ്രകാരം 11 ലക്ഷം അവിദഗ്ദ്ധ തൊഴിലാളികലാണ് യു.എ.ഇയില്‍ ജോലി ചെയ്യുന്നത്. സൗദിയില്‍ 72,000 വും കുവൈത്തില്‍ 57,000 വും. ഒമാനിനിലും ഖത്തറിലും മുപ്പത്തി അയ്യായിരത്തോളം പേരാണ് അവിദഗ്ദ്ധ മേഖലയില്‍ തൊഴിലെടുക്കുന്നത്.