പ്രവാസിപ്പണത്തിന്റെ വരവു കുറയും; ഇടപാടുകളില്‍ 35% കുറവെന്ന് കമ്പനികള്‍

ദുബൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പ്രവാസി പണമയക്കലിനെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദം സ്വന്തം നാടുകളിലേക്കുള്ള പണമയക്കലില്‍ 35 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് മണി ട്രാന്‍സ്ഫര്‍ കമ്പനികള്‍ പറയുന്നത്. നേരത്തെ, ആഗോള തലത്തില്‍ തന്നെ പണമയക്കലില്‍ 20 ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണമെത്തുന്ന രാജ്യമായ ഇന്ത്യയെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുക. 2019ല്‍ 83 ബില്യണ്‍ യു.എസ് ഡോളറാണ് വിദേശത്തു നിന്ന് ഇന്ത്യയിലെത്തിയത്. ഇത് 23 ശതമാനം കുറഞ്ഞ് 64 ബില്യണിലേക്ക് ഈ വര്‍ഷമെത്തും എന്നാണ് ലോകബാങ്കിന്റെ കണക്കുകള്‍.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലേക്കുള്ള പണമയക്കലില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തുന്നത് എന്നാണ് യു.എ.ഇ കമ്പനികള്‍ പറയുന്നത്. യു.എ.ഇയില്‍ മാത്രം 33 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് തൊഴിലെടുക്കുന്നത്. ലോകത്തുടനീളമുള്ള പണമയക്കലില്‍ 26 ശതമാനവും എത്തുന്നത് ഇന്ത്യയിലാണ്.

2019നെ അപേക്ഷിച്ച് ഏപ്രില്‍ ആദ്യ പാദത്തില്‍ പണമയക്കലില്‍ മുപ്പത് ശതമാനം കുറവാണ് ഉണ്ടായത് എന്ന് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് സി.ഇ.ഒ റാഷിദ് അല്‍ അന്‍സാരി ഖലീജ് ടൈംസിനോട് പറഞ്ഞു. ‘ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച പ്രകടനമായിരുന്നു. മാര്‍ച്ച് മദ്ധ്യത്തോടെ ഫോറിന്‍ എക്‌സ്‌ചേഞ്ച് പര്‍ച്ചേസില്‍ എണ്‍പത് ശതമാനത്തിന്റെ കുറവുണ്ടായി. യാത്രയില്‍ കൊണ്ടു വന്ന നിയന്ത്രണങ്ങള്‍ ടൂറിസം മേഖലയെ ബാധിച്ചതാണ് കൂടുതല്‍ തിരിച്ചടിയായത്’- അദ്ദേഹം പറഞ്ഞു.

‘രണ്ടാം പാദത്തിലെ ആദ്യ മാസത്തില്‍ മുപ്പത്തിയഞ്ച് ശതമാനത്തിലേറെയാണ് ബിസിനസില്‍ കുറവുണ്ടായത്. ഏപ്രിലില്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍ തന്നെയാണ് പ്രധാന കാരണം’ – ബെല്‍ഹാസ ഗ്ലോബല്‍ എക്‌സ്‌ചേഞ്ച് അസി. ജനറല്‍ മാനേജര്‍ ധര്‍മേഷ് കൃഷ്ണന്‍ പറഞ്ഞു.