റെംഡെസിവര്‍ വഴിത്തിരിവാകുമോ? പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ യു.എസില്‍ അടിയന്തര അനുമതി

വാഷിങ്ടണ്‍: യു.എസില്‍ കോവിഡിനെതിരെയുള്ള മരുന്നായി റെംഡെസിവര്‍ ഉപയോഗിക്കാന്‍ ട്രംപ് ഭരണകൂടം അടിയന്തര അനുമതി നല്‍കി. മരുന്ന് ഉപയോഗിച്ച അസുഖബാധിതരില്‍ രോഗമുക്തി കണ്ടതോടെയാണ് യു.എസ് ഇതിന് പച്ചക്കൊടി കാണിച്ചത്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപാണ് തീരുമാനം പ്രഖ്യാപിച്ചത്.

23 ലക്ഷം പേര്‍ക്ക് പടര്‍ന്നു പിടിച്ച കോവിഡ് 19 വൈറസിനെതിരെ പ്രയോഗിക്കുന്ന ആദ്യത്തെ അംഗീകൃത മരുന്നാണിത്. രോഗികളുടെ മോചന സമയം 31 ശതമാനം വരെ (ഏകദേശം നാലു ദിവസം) റെംഡെസിവര്‍ മൂലം കുറയുന്നുണ്ടെന്ന് എന്നാണ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വിലയിരുത്തല്‍. 1063 രോഗികളാണ് മരുന്ന് പരീക്ഷണാര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നത്.

മരുന്ന് നല്‍കിയ രോഗികള്‍ 11 ദിവസത്തിന് അകം ആശുപത്രി വിട്ടു. സാധാരണ ഗതിയില്‍ ഇവര്‍ 15 ദിവസമാണ് എടുക്കേണ്ടിയിരുന്നത്. മരുന്ന് മരണനിരക്കും കുറച്ചതായി വിലയിരുത്തലുണ്ട്.

ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള മഹാമാരിക്കെതിരെ പരീക്ഷണാര്‍ത്ഥത്തില്‍ ഉപയോഗിച്ച വൈറസ് രോധിയാണ് റെംഡെസിവര്‍. ഗിലിയഡ് സയന്‍സ് എന്ന കമ്പനിയാണ് ഇതു വികസിപ്പിച്ചത്.

നിലവില്‍ ഗുരുതരമായി അസുഖം ബാധിച്ചവരിലാണ് റെംഡെസിവര്‍ പരീക്ഷിച്ചിട്ടുള്ളത്. ഷിക്കാഗോ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ 125 രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ചിരുന്നു. ഇതില്‍ 113 ഉം ഗുരുതരമായി അസുഖം ബാധിച്ചവര്‍ ആയിരുന്നു. എല്ലാ രോഗികള്‍ക്കും ദിവസവും റെംഡെസിവിര്‍ കുത്തിവച്ചിരുന്നു. ഈ രോഗികളില്‍ രണ്ടു പേര്‍ മാത്രമേ മരിച്ചുള്ളൂവെന്നും ബാക്കിയെല്ലാവരും ആശുപത്രി വിട്ടെന്നും ഡോ. കാതറീല്‍ മുല്ലാനെ പറഞ്ഞു.

ഇതോടെ, കോവിഡ് 19ന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിനെതിരെ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്ന ആദ്യത്തെ മരുന്നയി മാറി റെംഡെസിവിര്‍.

റെംഡെസിവിറിന് പുറമേ, ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍, വാസോഡിലേറ്ററുകള്‍, കോര്‍ട്ടികോസ്റ്റീറോയിഡുകള്‍, രോഗപ്രതിരോധ ചികിത്സകള്‍, ലിപ്പോയിക് ആസിഡ്, ബെവാസിസുമാബ്, റീകോംബിനന്റ് ആന്‍ജിയോടെന്‍സിന്‍-കണ്‍വേര്‍ട്ടിംഗ് എന്‍സൈം 2 എന്നീ വിഭാഗത്തിലെ മരുന്നുകളും ഇപ്പോള്‍ കോവിഡിനെതിരെ വിവിധ രാഷ്ട്രങ്ങളില്‍ പരീക്ഷിച്ചു വരുന്നുണ്ട്. റെംഡെസിവിര്‍ യു.എസ് ഉപയോഗിക്കുന്നത് ഇതുവരെയുള്ള പരീക്ഷണങ്ങളിലെ വിജയം കണ്ടു മാത്രമാണ്. സമ്പൂര്‍ണ്ണമായ മരുന്ന് എന്ന രീതിയില്‍ അല്ല.