കോട്ടയം: പാലാ സബ് ജയിലിലെ റിമാന്റ് പ്രതി ഫെയ്സ്ബുക്കില്‍ ഭീഷണിക്കുറിപ്പിട്ടു. തടവുകാരനായ ജെയിസ്മോന്‍ ജേക്കബാണ് എതിരാളിയെ വെല്ലുവിളിച്ച് കുറിപ്പിട്ടത്. കോവിഡ് പശ്ചാത്തലത്തില്‍ പാലാ താലൂക്കാശുപത്രിയിലാണ് പ്രതി.
റിമാന്‍ഡ് പ്രതികള്‍ ആശുപത്രിയിലായാലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിയമം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇതിന് പിന്നാലെ ഉച്ചയോടെ പ്രതിയെ ജയിലിലേക്ക് തന്നെ മാറ്റി. അലോട്ടി എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. നിരവധി കഞ്ചാവ് കേസില്‍ പ്രതിയാണ്.
കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് റിമാന്‍ഡ് ചെയ്തു.ലോക്ക്ഡൗണ്‍ കാലത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ ഇയാള്‍ ലോറിയില്‍ കഞ്ചാവ് കടത്തിയിരുന്നു. കഴിഞ്ഞ ദിവസം 50കിലോ കഞ്ചാവ് ലോറിയില്‍ കോട്ടയത്ത് ഇയാള്‍ക്കായി എത്തിച്ചിരുന്നു. ഈ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് മറ്റൊരുകേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് സംഘത്തിലുള്ളവരെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ഫെയ്സ്ബുക്കില്‍ ഭീഷണിക്കുറിപ്പ് ഇട്ടത്.സമൂഹമാധ്യമത്തില്‍ ഭീഷണിക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ജയില്‍ ഡിജിപി ഉള്‍പ്പടെയുള്ളവര്‍ക്ക് സ്ക്രീന്‍ ഷോട്ട് സഹിതം പരാതി ലഭിക്കുകയായിരുന്നു.