കാളിന്ദി കുഞ്ച് റോഡ് തുറന്ന് യുപി പൊലീസ് ; ഷാഹിന്‍ബാഗ് നിലനിര്‍ത്തിക്കൊണ്ട് പരിഹാരം; മധ്യസ്ഥ ചര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ഷാഹിന്‍ബാഗ് നിലനിര്‍ത്തിക്കൊണ്ടുള്ള മധ്യസ്ഥ ചര്‍ച്ച തുടരുന്നതിനിടെ യാത്രക്കാര്‍ക്ക് ആശ്വാസമേകി നോയിഡ-കാളിന്ദി കുഞ്ച് റോഡ് തുറന്നു. വെള്ളിയാഴ്ചയാണ് നോയിഡയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള കാളിന്ദി കുഞ്ച്-ഫരീദാബാദ് റോഡ് ഉത്തര്‍പ്രദേശ് പോലീസ് വീണ്ടും തുറന്നത്. ഷഹീന്‍ ബാഗിലെ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ 69 ദിവസമായി അടച്ചിരുന്ന നോയിഡയ്ക്കും ഫരീദാബാദിനുമിടയിലെ ഒരു ഇതര റോഡായിരുന്നിത്. നിലവിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നോയിഡയിലെ മഹാമയ ഫ്‌ലൈഓവര്‍ മുതല്‍ ഡല്‍ഹില്ലി, ഫരീദാബാദ് എന്നിവിടങ്ങളിലേക്കുള്ള വഴി വീണ്ടും തുറന്നതെന്ന് യുപി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സി.എ.എയ്‌ക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗ്കാളിന്ദി കുഞ്ച് റോഡ് രണ്ട് മാസമായി അടഞ്ഞുകിടക്കുകയായിരുന്നു.

അതേസമയം, ഷാഹിന്‍ബാഗ് സമരക്കാരുമായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥര്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ചര്‍ച്ച നടത്തി. ഷാഹിന്‍ബാഗ് നിലനിര്‍ത്തിക്കൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സമരക്കാരുമായി സംസാരിച്ച മധ്യസ്ഥരില്‍ ഒരാളായ മുതിര്‍ന്ന അഭിഭാഷക സാധന രാമചന്ദ്രന്‍ പറഞ്ഞു. സമരസ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഷഹീന്‍ബാഗ് സമരക്കാരുമായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം ഇന്ന് വൈകുന്നേരം നാല് മണിക്ക് വീണ്ടും ചര്‍ച്ച നടത്തും.

കഴിഞ്ഞ ദിവസം സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ യാതൊരു പരിഹാരവുമുണ്ടായിരുന്നില്ല. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ മധ്യസ്ഥരെ അറിയിക്കുകയായിരുന്നു. എങ്കിലും പ്രതിഷേധക്കാരുമായുള്ള ചര്‍ച്ച ഫലപ്രദമെന്നായിരുന്നു മധ്യസ്ഥര്‍ അറിയിച്ചത്. 68 ദിവസമായി തുടരുന്ന സമരത്തിന് പരിഹാരം ഉണ്ടാക്കുന്നതിനായാണ് മധ്യസ്ഥരായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും ഇന്നലെ ഉച്ചക്ക് ശേഷം സമരക്കാരുമായി ചര്‍ച്ച നടത്തിയത്. ഷാഹിന്‍ബാഗ് നിലനില്‍ക്കുമെന്ന സാധന രാമചന്ദ്രന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് സമരക്കാര്‍ സ്വീകരിച്ചത്. ഷാഹിന്‍ബാഗ് നിലനിര്‍ത്തിക്കൊണ്ട് ഒരു പരിഹാരമാണ് തങ്ങളുടെ ആഗ്രഹമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഷാഹിന്‍ബാഗിലെ പ്രതിഷേധം തുടര്‍ന്നു കൊണ്ട് തന്നെ റോഡുകള്‍ തുറന്ന് കൊടുക്കുന്ന ഒരു പരിഹാരത്തിലേക്ക് നമ്മള്‍ക്ക് എത്താന്‍ പറ്റുമോ എന്നും അവര്‍ ചോദിച്ചു. ഒരു പരിഹാരം കണ്ടെത്താനായാല്‍ അത് നന്നായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥ ചര്‍ച്ചകള്‍ ഏറ്റവും നല്ല അവസരമാണെന്നും ഇത് പരാജയപ്പെട്ടാല്‍ അത് പിന്നീട് കോടതി തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറുമെന്നും സാധന രാമചന്ദ്രന്‍ പ്രതിഷേധക്കാരെ അറിയിച്ചു. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുക എന്നതാണ് തങ്ങളുടെ കടമ. റോഡ് ബ്ലോക്ക് ഒഴിവാക്കുന്നത് ഉള്‍പ്പെടെ. നിങ്ങളെ സഹായിക്കുന്നതിനായി ഞങ്ങള്‍ വഴി സാധ്യമാകുമോ എന്നാണ് സുപ്രീം കോടതി ആരായുന്നത്. സി.എ.എ, എന്‍. ആര്‍.സി എന്നിവയുടെ ഭാവി സംബന്ധിച്ച ചര്‍ച്ചയല്ല തങ്ങളുടെ മുന്നിലുള്ളതെന്നും അവര്‍ സമരക്കാരെ അറിയിച്ചു.
സി.എ.എ, എന്‍.ആര്‍.സി തുടങ്ങിയ വിഷയങ്ങള്‍ സുപ്രീം കോടതി മുമ്പാകെയാണ് ഉള്ളത്. അത് താമസിയാതെ വിചാരണക്ക് വരും. കോടതി ഏത് വഴിക്കാണ് വിധി പ്രസ്താവിക്കുക എന്ന് ആര്‍ക്കും പറയാനാവില്ല. അതേ കുറിച്ച് ഇന്ന് നമുക്ക് സംസാരിക്കാനാവില്ല. പക്ഷേ സമരം സംബന്ധിച്ച നിങ്ങളുടെ കാഴ്ചപ്പാടാണ് കോടതി കേട്ടിട്ടുള്ളത് സാധന രാമചന്ദ്രന്‍ പറഞ്ഞു.

റോഡ് തടസ്സപ്പെടുത്തുന്നതിന് പരിഹാരം കാണാനായാല്‍ അത് ഭാവിയില്‍ മറ്റ് പ്രതിഷേധങ്ങള്‍ക്ക് കൂടി മാതൃകയാവുമെന്ന് സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. ഈ പ്രതിഷേധം ഷാഹിന്‍ബാഗില്‍ മാത്രമാണെന്ന് കരുതരുത്. നിങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധം മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന രൂപത്തിലാവരുതെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. തിങ്കളാഴ്ചയാണ് ഷാഹിന്‍ബാഗിലെ സമരക്കാരുമായി സംസാരിക്കാന്‍ രണ്ട് അഭിഭാഷകരെ സുപ്രീം കോടതി മധ്യസ്ഥരായി നിയമിച്ചത്. ഇവര്‍ക്ക് മുന്‍ വിവരാവകാശ കമ്മീഷണര്‍ വജഹത് ഹബീബുള്ളയുടെ സഹായം തേടാമെന്നും കോടതി പറഞ്ഞിരുന്നു.
ഡിസംബര്‍ 15നാണ് ഡല്‍ഹിയേയും നോയ്ഡ സാറ്റലൈറ്റ് സിറ്റിയേയും ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു വശം അടച്ചു കൊണ്ട് ഷാഹിന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം ആരംഭിച്ചത്.
രണ്ട് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഷഹീന്‍ ബാഗ് മുതല്‍ കാളിന്ദി കുഞ്ച് റോഡ് വരെ നീണ്ട് കിടക്കുന്ന വാണിജ്യ കേന്ദ്രങ്ങളില്‍ നിരവധി റെസ്‌റ്റോറന്റുകളും ഭവനങ്ങളുമുണ്ട്. ഷഹീന്‍ബാഗ് സമരത്തോടെ കാലിന്ദി കുഞ്ച്-ഷഹീന്‍ ബാഗ് ഭാഗത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ ഡല്‍ഹി പോലീസിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ അമിത് സാഹ്നിയാണ് ഹൈക്കോടതിയെ സമീപിച്ചത്.