ന്യൂഡല്‍ഹി: ടിക് ടോക്കിന്റെ ഇന്ത്യയിലെ ബിസിനസ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഏറ്റെടുത്തേക്കുമെന്നു റിപ്പോര്‍ട്ട്. ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കു പിന്നാലെ രൂപപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ മാതൃകന്പനിയായ ബൈറ്റ് ഡാന്‍സ് ടിക് ടോക്കിനെ റിലയന്‍സ് ജിയോയ്ക്കു വിറ്റേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.
മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായും ജൂലൈ മുതല്‍ ഇരുകമ്പനികളും ചര്‍ച്ച നടത്തിവരുന്നതായും ഇക്കണോമിക് ടൈംസാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെയും ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ടിനെ കുറിച്ചു പ്രതികരിക്കാന്‍ ഇരു കമ്പനികളും മുതിര്‍ന്നിട്ടില്ല.
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെ, ദേശസുരക്ഷയെ ബാധിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണു ടിക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. 300 കോടി ഡോളറിന്റെ വരുമാനമാണ് ഇന്ത്യയില്‍നിന്ന് ടിക് ടോക്കിനു ലഭിച്ചിരുന്നത്.
ടിക് ടോക്കിന്റെ യുഎസിലെ ബിസിനസ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടിക് ടോക്കുമായും വി ചാറ്റുമായുള്ള ഇടപാടുകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തടയുകയാണുണ്ടായത്.