കൊറോണ ഭീതിക്കിടെ റിലയന്‍സിന്റെ ആഷ് ഡാം പൊട്ടിത്തെറിച്ചു; ഗ്രാമത്തില്‍ പരിഭ്രാന്തി

ചിക്കു ഇര്‍ഷാദ്

ഭോപ്പാല്‍: കൊറോണ ഭീതിക്കിടെ രാജ്യത്താകെ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരുന്നതിനിടെ മധ്യപ്രദേശിലെ സിംഗ്രോളില്‍ റിലയന്‍സ് സാസന്‍ പവറിന്റെ ആഷ് ഡാം പൊട്ടിയത് ഗ്രാമത്തില്‍ പരിഭ്രാന്തി പരത്തി. ആഷ് ഡാം തകരാറിലാണെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ പൊട്ടിത്തെറി നടന്നത് കമ്പനിയുടെ അശ്രദ്ധമൂലമാണെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയോടെ ഡാം പൊട്ടിത്തെറിച്ച് നൂറുകണക്കിന് ഏക്കര്‍ വിള വിളകള്‍ നശിച്ചത്.

നേരത്തെ എസ്സാര്‍ പവറും എന്‍ടിപിസിയുടെ ആഷ് ഡാമും പൊട്ടിത്തെറിച്ച ശേഷം റിലയന്‍സിന്റെ ആഷ് ഡാം കൂടി പൊട്ടിത്തെറിച്ച തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അണക്കെട്ടിന്റെ ചാരം അടങ്ങിയ വെള്ളം നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമിയിലേക്ക് പടര്‍ന്നിരിക്കുകയാണ്. പ്രദേശം മുഴുവന്‍ ചളിയില്‍അമര്‍ന്നതിനാല്‍ ആളുകളും കന്നുകാലികള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിന് ശേഷം കളക്ടര്‍, എസ്പി എന്നിവരുള്‍പ്പെടെയുള്ള റിലയന്‍സ് സാസന്‍ പവര്‍ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.

ഡാമില്‍ നിന്ന് വേഗത്തില്‍ ചാരം ഒഴുകുന്നതിനാല്‍ സമീപത്തെ താഴ്ന്നസ്ഥലങ്ങളിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാരത്തിന്റെ അവശിഷ്ടങ്ങള്‍ താഴ്ന്ന പ്രദേശങ്ങളില്‍ എത്തി കനത്ത നാശനഷ്ടമുണ്ടാക്കുമെന്ന നിലയാണ്. പ്രദേശത്തെ ഗോതമ്പു പാടങ്ങള്‍ ശക്തമായ ചാരൊഴുക്കിനാല്‍ നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, നേരത്തെ തകരാറിലായ ആഷ് ഡാമിനെതിരെ തകര്‍ച്ചാ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ പരിശോധന തുടങ്ങുകയും ഡാം ശരിയാക്കാന്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനുശേഷവും ഡാം പൊട്ടിത്തെറിക്കുന്നത് കമ്പനി ഉദ്യോഗസ്ഥരുടെ അശ്രദ്ധകൊണ്ടാണെന്നാണ് ആരോപണം.