ഗ്രീക്കില്‍ അഭയാര്‍ത്ഥി ക്യാമ്പ് കത്തിനശിച്ചു; തുര്‍ക്കി അതിര്‍ത്തിയില്‍ സംഘര്‍ഷം

ഏതന്‍സ്: തുര്‍ക്കിയില്‍നിന്ന്് അഭയാര്‍ത്ഥി പ്രവാഹം ശക്തിപ്പെട്ടുകൊണ്ടിരിക്കെ ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ അഭയാര്‍ത്ഥി കേന്ദ്രത്തിന് തീപിടിച്ചു. ദ്വീപിന്റെ തലസ്ഥാനമായ മിറ്റിലിനിക്ക് സമീപം വണ്‍ ഹാപ്പി ഫാമിലി സെന്ററാണ് കത്തിച്ചാമ്പലായത്. ആളപായമില്ല. എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
തുര്‍ക്കിയില്‍നിന്ന് എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ലെസ്‌ബോസില്‍ അഭയാര്‍ത്ഥികള്‍ക്കുനേരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ക്കുവേണ്ടി തുര്‍ക്കി യൂറോപ്യന്‍ അതിര്‍ത്തി തുറന്നുകൊടുത്ത ശേഷം നൂറുകണക്കിന് ആളുകളാണ് ദ്വീപിലെത്താന്‍ ശ്രമിക്കുന്നത്.

അതേസമയം ഈജിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാനുള്ള അഭയാര്‍ത്ഥികളുടെ ശ്രമം തുര്‍ക്കി തീരദേശ രക്ഷാസേന തടഞ്ഞു. കടല്‍ വഴിയുള്ള യാത്രകള്‍ സുരക്ഷിതമല്ലെന്ന്് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഭയാര്‍ത്ഥികളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണ് ഉര്‍ദുഗാന്‍ ചെയ്യുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തി.

അഭയാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ ഗ്രീസ്, തുര്‍ക്കി അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. അഭയാര്‍ത്ഥികളെ അതിര്‍ത്തിവഴി കടത്തിവിടുന്ന കാര്യത്തില്‍ തുര്‍ക്കി വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. കഴിഞ്ഞ ദിവസം കസ്തനീസില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ ഗ്രീക്ക് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഗേറ്റുകള്‍ തുറക്കാനാവശ്യപ്പെട്ട അഭയാര്‍ത്ഥികള്‍ പൊലീസിനുനേരെ കല്ലേറ് നടത്തി. നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്ന വിധം തുര്‍ക്കി പൊലീസ് തങ്ങളുടെ പൊലീസുകാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിക്കുന്നുണ്ടെന്ന് ഗ്രീക്ക് അധികൃതര്‍ ആരോപിച്ചു. തുര്‍ക്കിയില്‍ കഴിഞ്ഞിരുന്ന അഭയാര്‍ത്ഥികള്‍ ഗ്രീസിലേക്കും അതുവഴി ജര്‍മനിയിലേക്കും പോകാമെന്നാണ് കണക്കുകൂട്ടുന്നത്.