മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചെങ്ങന്നൂര്‍, കുട്ടനാട് മേഖലകളില്‍ പലഭാഗത്തും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഇപ്പോഴും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി മേഖലകളില്‍ 5000 പേര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തനം വൈകീട്ടോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.

ചെങ്ങന്നൂര്‍, നെല്ലിയാമ്പതി മേഖലകളിലാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായി തുടരുന്നത്. നെല്ലിയാമ്പതിയില്‍ 2000 പേര്‍ കുടുങ്ങിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ പല മേഖലകളിലും ഭക്ഷണവും വെള്ളവുമില്ലാതെ അഞ്ചാം ദിവസമാണ് പലരും കുടുങ്ങിക്കിടക്കുന്നത്. തിരുവല്ല, ആറന്‍മുള മേഖലകളിലും തുല്യദുരിതമാണ്. അതേസമയം ചെങ്ങന്നൂര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ചിലര്‍ വീടുവിട്ടു വരാന്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം.

എറണാകുളം ജില്ലയില്‍ പറവൂര്‍ മേഖല കേന്ദ്രീകരിച്ചാണ് ഇന്ന് കൂടുതല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നാവികസേനയുടെ 47 യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയിലുണ്ട്. ഇതില്‍ 16 ടീമുകള്‍ പറവൂര്‍ മേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ദുരിതബാധിത മേഖലയില്‍ ഇന്ന് 1,36,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. ഇതില്‍ 82,000 ഭക്ഷണപ്പൊതികള്‍ പറവൂര്‍ മേഖലയിലാണ് വിതരണം ചെയ്യുക.

മലപ്പുറം ജില്ലയില്‍ വെള്ളമിറങ്ങിയെങ്കിലും ജില്ലയിലെ 184 ക്യാമ്പുകളിലായി 33,000ല്‍ അധികം ആളുകള്‍ കഴിയുന്നു. വീടുകള്‍ ശുചീകരിക്കാതെയും നന്നാക്കിയെടുക്കാതെയും ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനാവില്ല. ശുചീകരണത്തിനും വൈദ്യ സഹായത്തിനും ഭക്ഷണമെത്തിക്കാനും നാട്ടുകാരും സന്നദ്ധ സംഘടനകളും ഭരണകൂട സംവിധാനങ്ങളും സജീവമായി രംഗത്തുണ്ട്. ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗതം പുനഃസ്ഥാപിച്ചു. താറുമാറായ വൈദ്യുതി വിതരണം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

SHARE