മലപ്പുറത്ത് റെഡ് അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു-ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടി

തിരുവനന്തപുരം: ആശങ്കയുണര്‍ത്തി കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ടും. രണ്ടു ദിവസം കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പ്പൊട്ടി. മലപ്പുറം നിലമ്പൂരിലും ഉരുള്‍പ്പൊട്ടലുണ്ടായി. മലയോര മേഖലയില്‍ വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിരോധം ഏര്‍പ്പെടുത്തി.

ഇടുക്കിയില്‍ ഉരുള്‍പ്പൊട്ടല്‍; ഒരാളുടെ മൃതദേഹം കണ്ടെടുത്തു

വ്യാഴാഴ്ച രാത്രി ഇടുക്കിയില്‍ നാലിടത്താണ് ഉരുള്‍പൊട്ടിയത്. പീരുമേട്ടില്‍ മൂന്നിടത്തും മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി രണ്ടു പേരെ കാണാതായി. ഇതില്‍ നല്ലതണ്ണി സ്വദേശി മാര്‍ട്ടില്‍ എന്നയാളുടെ മൃതദേഹം കിട്ടി. അനീഷ് എന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

പീരുമേട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഇടുക്കി ജില്ലയില്‍ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

അണക്കെട്ടുകള്‍ തുറക്കുന്നു, ജാഗ്രത പാലിക്കണം

ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടുകളിലും വെള്ളം നിറഞ്ഞു. ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. പെരിയാറിന്റെ തീരത്ത് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നെടുങ്കണ്ടം കല്ലാര്‍ ഡാമും തുറന്നു. മേലേചിന്നാര്‍, തൂവല്‍, പെരിഞ്ചാംകുട്ടി മേഖലകളിലെ പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വെള്ളിയാഴ്ച പത്തു മണിക്ക് തുറക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലപ്പുറത്ത് റെഡ് അലര്‍ട്ട്

കനത്ത മഴ തുടരുന്ന മലപ്പുറത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പ്പൊട്ടലുണ്ടായ നിലമ്പൂരില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൊന്നാനിയിലും ജാഗ്രത പ്രഖ്യാപിച്ചു. ജില്ലയില്‍ 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ഓഗസ്റ്റ് 8, 9, 10 തിയ്യതികളിലും അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്് എന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ് എന്നും കലക്ടര്‍ ആവശ്യപ്പെട്ടു. വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയില്‍ കനത്ത കാറ്റും മഴയുമാണ്. ചിലയിടങ്ങളില്‍ മലവെള്ളപ്പാച്ചിലുമുണ്ടായി. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട കനത്ത് മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പുപ്പിന്റെ മുന്നറിയിപ്പ്. മാവൂര്‍ മേഖലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

SHARE