കനത്ത മഴ; കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട്- ദേശീയ ദുരന്തനിവാരണ സേന കേരളത്തിലേക്ക്

തിരുവനന്തപുരം: വരുന്ന നാലു ദിവസങ്ങളില്‍ വടക്കന്‍കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ കാസര്‍ക്കോട് വരെയുള്ള മറ്റു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അര്‍ലര്‍ട്ടും പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാലു യൂണിറ്റുകള്‍ സംസ്ഥാനത്ത് എത്തിയിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ് എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം മുഴുവനായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. പല നദികളും കരകവിഞ്ഞൊഴുകുകയാണ്. റെഡ് അലര്‍ട്ടുളള വയനാട്ടില്‍ മഴ ശക്തമാണ്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മലയിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയില്‍ 390 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഉരുള്‍പൊട്ടല്‍ വെള്ളപൊക്ക ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പുയര്‍ന്നു. നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടലുണ്ടായി. മലയോര മേഖലകളില്‍ ഉരള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാലുപേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടറ വനത്തില്‍ ഉരുള്‍പ്പൊട്ടി. മണിക്കടവ്, മാട്ടറ പാലങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകള്‍ കേരളത്തിലെത്തി. കൂടുതല്‍ യൂണിറ്റുകള്‍ അടുത്ത ദിവസമെത്തും.

താമരശ്ശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളില്‍ മലവെള്ളപ്പാച്ചില്‍ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങള്‍ മുങ്ങി. നിലമ്പൂരിലും ഉരുള്‍പ്പൊട്ടലുണ്ടായി. മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ നിലമ്പൂരില്‍ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 30 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

മലപ്പുറം പോത്തുക്കല്ലില്‍ മുണ്ടേരി പാലം ഒലിച്ചുപോയി. ഇതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപൊട്ടി കോളനികളിലുള്ളവര്‍ ഒറ്റപ്പെട്ടു. മൂവാറ്റുപുഴയാര്‍ തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടന്‍പുഴ, കടവൂര്‍, നേര്യമംഗലം ഭാഗത്തും മുന്നറിയിപ്പുണ്ട്. ഈ ഭാഗങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.

SHARE