13 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗികള്‍; 1.5 കോടി കടന്ന് ലോകം-സജ്ജമാവുന്നത് നൂറിലേറെ വാക്‌സിനുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവി‍ഡ് രോഗബാധ 13 ലക്ഷം പിന്നിട്ടു. 12 ലക്ഷം കടന്ന് വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് 13 ലക്ഷം പിന്നിട്ടിരിക്കുന്നത്. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉറവിടം അറിയാത്ത കൊവിഡ് കേസുകളും സമ്പര്‍ക്ക രോഗികളും കുത്തനെ ഉയരുന്നതാണ് കൊവിഡ് കേസുകള്‍ ഉയരാനുള്ള പ്രധാന കാരണം.

ഒറ്റദിവസത്തിനിടെ 48,916 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 1,336,861 ആയി. 4,56,071 പേരാണ് നിലവില്‍ രോഗബാധിതരായുള്ളത്. 8,49,431 പേര്‍ രോഗമുക്തരായി. 757 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്.  31,358 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

അതേസമയം, ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 1.60 കോടിയ്ക്കരികെയെത്തി. 1,59, 47,291 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് അതിവേഗം പടരുകയാണ്.

കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ ഇതിനകം 4,248,327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1,48,490 പേര്‍ മരണമടഞ്ഞു. അതേസമയം ഇരുപത് ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗമുക്തിയുണ്ടായി. ബ്രസീലില്‍ ഇതുവരെ 2,348,200 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 85,385 പേര്‍ മരണപ്പെട്ടു. പതിനഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് രോഗമുക്തിയുണ്ടായി. ലോകത്താകെ 6,42,814 പേരാണ് കോവിഡ് വൈറസ് കാരണം മരണപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഒരു കോടിയോളം പേര്‍ രോഗത്തില്‍ നിന്നും സുഖംപ്രാപിച്ചിട്ടുണ്ട്. ലോകത്ത് കോവിഡ് രൂക്ഷമായ അമേരിക്കയിലേയും ബ്രസീലിലേയും പോലെ പ്രതിദിനം ആയിരത്തോളം മരണങ്ങളാണ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനിടെ കോവിഡ് മഹാമാരിയില്‍ നിന്നും മോചനം എന്നതിന് ശുഭപ്രതീക്ഷയുമായി വിവിധ രാജ്യങ്ങളില്‍ നിന്നും വിജയകരമായ കോവിഡ് വാക്സിന്റെ വിവരങ്ങള്‍ വന്നുകൊണ്ടിരിക്കെയാണ്. ബ്രിട്ടീഷ് ഓക്സ്ഫോര്‍ഡ്, ഇന്ത്യ, റഷ്യ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് വിജയകരമായ കൊറോണ വൈറസ് വാക്സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണ റിപ്പോര്‍്ട്ടുകള്‍ പുറത്തുവരുന്നത്. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ പ്രകാരം കൊറോണ വൈറസിനെതിരെ 2020 ന്റെ അവസാനത്തോടെ വാക്സിന്‍ സാധ്യമാകുമെന്നായിരുന്നു വിലയിരുത്തല്‍. ചൈനയിലും കൊറോണ വാക്സിന്‍ കാന്‍ഡിഡേറ്റിന്റെ രണ്ടാം ഘട്ട മനുഷ്യ പരീക്ഷണം നടന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രാഥമിക ഫലങ്ങള്‍ ഇത് സുരക്ഷിതമാണെന്നും രോഗപ്രതിരോധ പ്രതികരണത്തിന് പ്രേരിപ്പിക്കുന്നുവെന്നും ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് വാക്സിന്‍ വികസിപ്പിക്കാനുള്ള മത്സരത്തില്‍ റഷ്യ, യുഎസ് ആസ്ഥാനമായുള്ള മോഡേണ, ഇന്ത്യയുടെ കോവാക്സിന്‍, സിഡസ് കാഡില, സിനോവാക് ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികള്‍ എന്നിവ കാര്യമായ പുരോഗതി കൈവരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലോകത്താകമാനം പടര്‍ന്ന കോവിഡ് മഹാമാരിക്കെതിരെ വിവിധ രാജ്യങ്ങളിലായി 160-ലധികം കോവിഡ് 19 വാക്സിനുകളാണ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തിയിരിക്കുന്നത്. അവയില്‍ 26 വാക്സിനുകള്‍ മനുഷ്യ പരീക്ഷണ ഘട്ടത്തിലേക്കും കടന്നിട്ടുണ്ടെന്നതും ലോകത്താകമാനമുള്ള കോവിഡ് ദുരിതത്തിനിടയില്‍ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ വലിയ വിജയമായി കണക്കാക്കുന്ന ബ്രിട്ടണില്‍ വികസിപ്പിച്ച ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക എന്ന കോവിഡ് വാക്സിന്റെ വിതരണത്തിനുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ തുടങ്ങിയെന്ന് നിതി ആയോഗ് വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യയിലും പരീക്ഷിച്ചേക്കുമെന്നാണ് വിവരം. വാക്‌സിന്‍ വിജയമായാല്‍ അതിവേഗം ഇന്ത്യയിലും പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്ന ആസ്ട്രസെനെക്ക കമ്പനിയുമായി ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സഹകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഓഗസ്റ്റില്‍ പരീക്ഷണം തുടങ്ങുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഡോസ് വാക്സിന്‍ നിര്‍മിക്കാനാണു ശ്രമമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മരുന്ന് പരീക്ഷണത്തിനായി അനുമതി തേടിയിട്ടുണ്ട്. ഓക്സ്ഫഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലാകും നടക്കുക. 2020 അവസാനത്തോടെ അസ്ട്രസെനെക ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ലഭ്യമാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവല്ല വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.