ബി.ജെ.പി തോല്‍ക്കുമെന്ന് മനസ്സിലായി, അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രിയാവും : നയം വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രിപദം സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സി.എന്‍.എന്‍ ന്യൂസ് 18ന്റെ ഡല്‍ഹിയില്‍ നടത്തിയ പരിപാടിക്കിടെയാണ് രാജ്‌നാഥ് തന്റെ നയം വ്യക്തമാക്കിയത്.

എനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. പക്ഷെ അവസരം ലഭിക്കുകയാണെങ്കില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കും. ചോദ്യത്തിന് മറുപടിയായി രാജ്‌നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ കടമ നന്നായി നിര്‍വഹിക്കുന്നുണ്ടെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തോടെ ബി.ജെ.പി പരാജയപ്പെടുമെന്ന് മനസിലാക്കിയെന്നും രാജ്‌നാഥ് പറഞ്ഞു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പൂരിലും പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജ്യം മുഴുവന്‍ ബി.ജെ.പിക്കെതിരായ വികാരം അലയടിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിപക്ഷ നേതാവാണെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുകയെന്നതാണ് ജോലിയെന്നുമായിരുന്നു രാജ്‌നാഥ് സിങിന്റെ മറുപടി.