കരിപ്പൂര്‍ വിമാനത്താവളത്തിലെ ടേബിള്‍ ടോപ്പ് റണ്‍വേ വലിയ വിമാനങ്ങള്‍ക്ക് വരെ ലാന്‍ഡ് ചെയ്യാന്‍ സജ്ജമാണെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മേധാവി അരുണ്‍ കുമാര്‍. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്ലൈറ്റ് ഡേറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും പരിശോധിക്കുന്നതോടെ അപകട കാരണം വ്യക്തമാകും. ട്രാന്‍സ്ക്രിപ്റ്റുകളും എയര്‍ ട്രാഫിക് കണ്ട്രോളര് (എടിസി) ട്രാന്‍സ്ക്രിപ്റ്റുകളും പഠിക്കേണ്ടതുണ്ട്. എന്നാല്‍ അവിടെ സംഭവിച്ചിരിക്കുന്നത് ടച്ച്ഡൗണ് വൈകിപ്പോയി എന്നതാണ്. എടിസി വിവരങ്ങള്‍ ഡീകോഡ് ചെയ്താല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാകും. കരിപ്പൂരിലേത് 9,000 അടി റണ്‍വേ ആയിരുന്നു, ഇത് വളരെ നീളമുള്ള റണ്‍വേയാണ്. ഇതൊരു ചെറിയ റണ്‍വേയല്ല. ഉദാഹരണത്തിന് പട്നയിലെ പോലെ 6,000 അടി റണ്‍വെ അല്ല. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ മോഡല്‍ വിമാനത്തിനു ലാന്‍ഡ് ചെയ്യാന്‍ കരിപ്പൂരിലെ റണ്‍വെ ധാരാളമാണെന്നാണ് അരുണ്‍ കുമാര്‍ പറഞ്ഞത്. അതായത് റണ്‍വെക്ക് പ്രശ്നങ്ങളില്ല, ലാന്‍ഡ് ചെയ്തത് വൈകിപോയി, ടച്ച് ചെയ്യേണ്ട സ്ഥലത്തിറങ്ങിയില്ല.
ഈ റണ്‍വേ വലിയ വിമാനങ്ങള്‍ക്ക് വരെ മതിയായതാണ്. ഇതിനാല്‍ ഒരു ചെറിയ തരം വിമാനത്തിന് റണ്‍വേയുടെ ദൈര്‍ഘ്യത്തെക്കുറിച്ച് പരാതിപ്പെടാന്‍ കഴിയില്ല. ലോകത്തെ ഏതൊരു റണ്‍വേയിലും ടച്ച്ഡൗണ് വൈകുകയാണെങ്കില്‍ അപകടം സംഭവിക്കും. 12,000 അടി റണ്‍വേയാണെങ്കില്‍ പോലും 8,000 അടിയില്‍ ടച്ച്ഡൗണ് ചെയ്താല്‍ അപകടം സംഭവിക്കാം.
കരിപ്പൂരിലേത് ടേബിള്‍ടോപ്പ് റണ്‍വെയാണ് എന്നതാണ് മറ്റൊരു ആരോപണം. എന്നാല്‍, ടേബിള്‍ടോപ്പ് റണ്‍വേകള്‍ പുതിയ സംഭവമല്ല. ലോകമെമ്പാടും ടേബിള്‍ടോപ്പ് റണ്‍വേകളുണ്ട്. ഇത് ഇന്ത്യയുടെ കണ്ടുപിടുത്തമല്ല. വിദേശരാജ്യങ്ങളിലെല്ലാം ടേബിള്‍ടോപ്പ് വിമാനത്താവളങ്ങളുണ്ട്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളം ടേബിള്ടോപ്പാണ്. സമാനമായി, യുഎസിലും യൂറോപ്പിലും ലോകമെമ്പാടും ടാബ്ലെറ്റ് റണ്‍വേകളുണ്ട്. അപ്പോള്‍ പിന്നെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ടേബിള്‍ടോപ്പ് പ്രശ്നമാണെന്ന് എങ്ങനെ പറയും എന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്.
ഇത്തരം ടേബിള്‍ടോപ്പ് റണ്‍വേകളില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ പൈലറ്റുമാരാണ് വേണ്ട നടപടിക്രമങ്ങള്‍ ചെയ്യേണ്ടത്. കരിപ്പൂര്‍ വിമാനത്താവളം ടേബിള്ടോപ്പാണെന്നും 9,000 അടി വളരെ നീളമുള്ള റണ്‍വേ എന്നും പൈലറ്റുമാര്‍ക്കും അറിയാം. ഇതിനു വേണ്ട രീതിയിലാണ് ലാന്‍ഡിങ്, ടേക്ക് ഓഫ് ക്രമീകരിക്കേണ്ടത്.
റെഡ്അലര്‍ട്ട് – മോശം കാലാവസ്ഥ
രണ്ടാമത്തെ കാരണം മോശം കാലാവസ്ഥയാണ്. ദുരന്തം നടന്ന ദിവസം മലപ്പുറം ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അന്ന് വൈകുന്നേരം പ്രദേശത്ത് കനത്ത മഴയും ലഭിച്ചിരുന്നു. രണ്ട് പൈലറ്റുമാര്‍ക്കും മോശം കാലാവസ്ഥയെക്കുറിച്ച് വിവരം ലഭിച്ചിരുന്നു എന്നാണ് എടിസി വക്താവ് പറഞ്ഞത്. മോശം കാലാവസ്ഥ തന്നെയായിരിക്കും വില്ലനായിരിക്കുക. കാലാവസ്ഥ ദാരുണമായ അപകടത്തിന് കാരണമായേക്കാം. പ്രദേശത്തെ മോശം കാലാവസ്ഥയെക്കുറിച്ചും ടെയില്വിന്ഡുകളെക്കുറിച്ചും രണ്ട് പൈലറ്റുമാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞത്.
വിമാനം റണ്‍വേയുടെ പരിധിയില്‍ നിന്ന് ഒരു കിലോമീറ്ററിലധികം താഴേക്കിറങ്ങിയിരുന്നു. വിമാനം സുരക്ഷിതമായി നിര്‍ത്തുന്നതിന് റണ്‍വേയുടെ ശേഷിക്കുന്ന നീളം മതിയോ എന്ന നിഗമനത്തിലെത്തുന്നതിന് മുന്‍പ് അവര്‍ പരിശോധിക്കുന്ന ഒരു പ്രധാന ഘടകമാണിതെന്ന് ഡിജിസിഎ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി നിര്‍ത്തുന്നതിന് റണ്‍വേയുടെ ശേഷിക്കുന്ന നീളം മതിയായില്ല എന്ന നിഗമനത്തിലെത്താന്‍ ഇതില്‍ നിന്ന് സാധിക്കും. റണ്‍വേയുടെ ഉപരിതലം നനഞ്ഞിരുന്നുവെന്നത് വ്യക്തമാണ്. അത് വിമാനത്തിന്റെ ബ്രേക്കിങ്ങിനെ ബാധിച്ചിരിക്കും.