മാഡ്രിഡ്: ഇടവേളക്ക് ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ശക്തമായ വെല്ലുവിളികളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ ടോട്ടനം. സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഇന്ന് രാത്രി നടക്കുന്ന മല്‍സരത്തില്‍ റയലും കോച്ച് സൈനുദ്ദീന്‍ സിദാനും ഭയക്കുന്നത് ടോട്ടനത്തിന്റെ സൂപ്പര്‍ താരം ഹാരി കെയിനിനെ. പുതിയ സീസണില്‍ റയല്‍ നോട്ടമിട്ട മധ്യനിരക്കാരനായിരുന്നു ഹാരി. പക്ഷേ പലവിധ കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ സേവനം ലഭ്യമായില്ലെങ്കിലും ഇപ്പോഴും സിദാന്‍ ലക്ഷ്യമിടുന്നത് ഈ സീനിയര്‍ താരത്തെ തന്നെ. സമ്പൂര്‍ണ താരമെന്നാണ് ഹാരിയെ സിസു വിശേഷിപ്പിക്കുന്നത്. പ്രീമിയര്‍ ലീഗ് ടേബിളില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ടോട്ടനം. അവരുടെ കുതിപ്പിന് നേതൃത്വം നല്‍കുന്നതാവട്ടെ ഹാരിയും,. അദ്ദേഹത്തിന്റെ കാലുകളെ ശ്രദ്ധിക്കാത്തപക്ഷം അത് അപകടകരമാവുമെന്നാണ് സിസു പറയുന്നത്. ടീമിന്റെ നായകനും ഗോള്‍ക്കീപ്പറുമായ ഹുഗോ ലോറിസിനെയും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് റയല്‍ കോച്ച് പറഞ്ഞു.റയല്‍ നിര ആത്മവിശ്വാസത്തിലാണ്. കൃസ്റ്റിയാനോ റൊണാള്‍ഡോ ഫോമിലെത്തിയിരിക്കുന്നു. ലാലീഗയിലെ കഴിഞ്ഞ മല്‍സരത്തില്‍ ഗറ്റാഫെയെ പരാജയപ്പെടുത്തുക വഴി ബാര്‍സിലോണയുമായുള്ള അകലം കുറക്കാന്‍ കഴിഞ്ഞതിലെ സന്തോഷവും ടീമിനുണ്ട്. ജെറാത്ത് ബെയില്‍ പരുക്ക് കാരണം ഇന്ന് കളിക്കില്ല. പഴയ ടോട്ടനം താരം ലുക്കാ മോദ്രിച്ചിന് ഇന്ന് റയല്‍ നിരയില്‍ തന്റെ പഴയ ടീമിനെ നേരിടുന്നതിന്റെ സമ്മര്‍ദ്ദവുമുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ മാരിബോറിനെയും മാഞ്ചസ്റ്റര്‍ സിറ്റി നാപ്പോളിയെയും സ്പാര്‍ട്ടക് മോസ്‌ക്കോ സെവിയെയും നേരിടും.