മാഡ്രിഡ് ഉറങ്ങുന്നില്ല; ലാലീഗ കിരീടം ആഘോഷമാക്കി സിദാന്റെ സൂപ്പര്‍ സംഘം

Real Madrid football team fans surround the bus as Real Madrid players celebrate the team's win on Plaza Cibeles in Madrid on May 22, 2017 after the Spanish league football match Malaga CF vs Real Madrid CF held at La Rosaleda stadium in Malaga on May 21, 2017. Madrid sealed a first La Liga title in five years on Sunday -- and 33rd in total -- with a 2-0 victory at Malaga to bring a halt to Barcelona's domination of domestic matters having won six of the previous eight titles. / AFP PHOTO / OSCAR DEL POZO (Photo credit should read OSCAR DEL POZO/AFP/Getty Images)

മാഡ്രിഡ്: ഇന്നലെ സ്പാനിഷ് ലാലീഗയിലെ അവസാന മല്‍സരങ്ങള്‍ സമാപിക്കുമ്പോള്‍ പ്രാദേശിക സമയം രാത്രി എട്ട് മണി. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ നിന്നും തെക്കന്‍ നഗരമായ മലാഗയിലേക്ക് 530 കീലോമീറ്ററുണ്ട്. അതായത് റോഡ് മാര്‍ഗ്ഗം ആറ് മണിക്കൂര്‍. ജിബ്രാള്‍ട്ടറിനോട് ഉരുമി കിടക്കുന്ന മലാഗയിലായിരുന്നു ഇന്നലെ ഫുട്‌ബോള്‍ ലോകത്തിന്റെ നേത്രങ്ങളെല്ലാം. റയല്‍ മാഡ്രിഡ് ലാലീഗ കിരീടം നേടുമോ എന്നറിയാന്‍ സ്പാനിഷ് ഫുട്‌ബോള്‍ സമൂഹം മാത്രമല്ല ലോകം ഒന്നടങ്കം മലാഗ വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുകയായിരുന്നു. ലീഗിലെ അവസാന ദിവസമായതിനാല്‍ ഒത്തുകളി ആരോപണങ്ങള്‍ ഉയരാതിരിക്കാന്‍ അവസാന ദിവസ മല്‍സരങ്ങളെല്ലാം ഒരേ സമയത്തായിരുന്നു. മലാഗയില്‍ നിന്നും വടക്കന്‍ സംസ്ഥാനമായ ബാര്‍സിലോണയിലേക്ക് 999 കീലോമീറ്ററുണ്ട്. അവിടെയും നിര്‍ണായകമായ മല്‍സരമുണ്ടായിരുന്നു. ബാര്‍സയും ഐബറും തമ്മില്‍. റയലിന്റെ സാധ്യതകളെ അട്ടിമറിക്കാന്‍ ബാര്‍സ-ഐബര്‍ പോരാട്ടത്തിന് കഴിയുമെന്നിരിക്കെ മലാഗയിലും ബാര്‍സയിലുമായി ലോകം കാതോര്‍ത്തപ്പോള്‍ ആവേശകരമായിരുന്നു രണ്ട് നഗരങ്ങളില്‍ നിന്നുളള വിശേഷങ്ങള്‍.

മലാഗയില്‍ ഒന്നാം പകുതിയുടെ രണ്ടാം മിനുട്ടില്‍ തന്നെ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളില്‍ റയല്‍ ലീഡ് നേടി. എന്നാല്‍ ബാര്‍സയിലെ നുവോ കാംപില്‍ ബാര്‍സ ഒരു ഗോളിന് പിറകിലുമായി. രണ്ടാം പകുതിയില്‍ മലാഗക്കെതിരെ കരീം ബെന്‍സേമയിലൂടെ റയല്‍ ലീഡ് ഉയര്‍ത്തിയപ്പോള്‍ ബാര്‍സ വീണ്ടും ഒരു ഗോള്‍ വഴങ്ങി. ഇതോടെ രണ്ട് മല്‍സരങ്ങളുടെയും പ്രസക്തി അവസാനിക്കുമെന്നിരിക്കെ നെയ്മര്‍ ഒരു ഗോള്‍ മടക്കുന്നു. മെസി പെനാല്‍ട്ടി പാഴാക്കുന്നു. പിന്നെ സുവാരസ് ബാര്‍സയുടെ സമനില നേടുന്നു. അപ്പോഴൊന്നും മലാഗയിലെ മല്‍സരക്കളത്തില്‍ അട്ടിമറികളില്ല. നുവോ കാംപില്‍ മെസിക്ക് മറ്റൊരു പെനാല്‍ട്ടി ലഭിക്കുന്നു. അത് ഗോളാവുന്നു. രണ്ട് ഗോളിന് പിറകിലായി ബാര്‍സ 3-2ന് ലീഡ് നേടുന്നു. അതോടെ മലാഗ-റയല്‍ പോരാട്ടത്തില്‍ വലിയ ആവേശമായി. മലാഗക്കാര്‍ ഏത് വിധേനയും ഗോള്‍ നേടുക എന്ന ലക്ഷ്യത്തില്‍ തകര്‍ത്തു കളിച്ചപ്പോള്‍ കൈലര്‍ നവാസ് എന്ന ഗോള്‍ക്കീപ്പര്‍ പാറ പോലെ ഉറച്ച് നിന്നു. ബാര്‍സക്കായി മെസി നാലാം ഗോള്‍ നേടുമ്പോള്‍ മല്‍സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം. മലാഗയില്‍ റയല്‍ ഏറെക്കുറെ കിരീടം ഉറപ്പിച്ച നിമിഷങ്ങള്‍. അങ്ങനെ രണ്ട് മൈതാനത്തും ഒരു പോലെ ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ അടിപൊളി ആഘോഷമായിരുന്നു മലാഗയില്‍…റഫറി വിസില്‍ മുഴക്കിയതും നായകന്‍ സെര്‍ജി റാമോസ് ഓടിയെത്തിയത് പരിശീലകന്‍ സൈനുദ്ദിന്‍ സിദാന്റെ അരികിലേക്ക്. കൃസ്റ്റിയാനോ റൊണാള്‍ഡോയും പറന്നെത്തി. പിന്നെ എല്ലാവരും ചേര്‍ന്ന് ആഘോഷ പൊടിപൂരം. സിദാനെ വാനിലേക്കുയര്‍ത്തി എല്ലാ താരങ്ങളും കോച്ചിനുളള സമര്‍പ്പണം അറിയിച്ചപ്പോള്‍ അകലെ മാഡ്രിഡിലും ആഘോഷം തുടങ്ങിയിരുന്നു.
മലാഗയില്‍ അധികമാഘോഷത്തിന് നില്‍ക്കാതെ റയല്‍ താരങ്ങള്‍ പ്രത്യേക ബസില്‍ കയറി- അഞ്ഞൂറോളം കീലോമീറ്റര്‍ പിന്നിടാനുണ്ടെങ്കിലും ആരും ക്ഷീണിതരായിരുന്നില്ല.ഡബിള്‍ ഡക്കര്‍ ബസില്‍ താരങ്ങളും പരിശീലകരും ക്ലബ് മാനേജ്‌മെന്റുമെല്ലാം. അവര്‍ മാഡ്രിഡ് നഗരത്തിലെത്തുമ്പോള്‍ പുലര്‍ച്ചെയായിരുന്നു. പക്ഷേ ഉറക്കമില്ലാതെ നാട്ടുകാര്‍ കാത്തിരിപ്പായിരുന്നു. താരങ്ങളെല്ലാം ചാമ്പ്യന്മാര്‍ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചു. എല്ലാവരും ബസിന് മുകളില്‍ കയറി. ബാല്‍ക്കണിയില്‍ നിന്ന് ആരാധകര്‍ക്ക് കൈകള്‍ വിശി. സ്പാനിഷ് പതാക പറപ്പിച്ചു. ഒരു ദിവസം ദീര്‍ഘിക്കുന്ന ആഘോഷത്തില്‍ മാഡ്രിഡ് നഗരം മുഴുകുമ്പോള്‍ രാജ്യ തലസ്ഥാനത്ത് ഇന്നലെ ഫുട്‌ബോള്‍ മാത്രമായിരുന്നു സംസാരം.

SHARE