റയലിനും സമനില കുരുക്ക് : റാമോസിന് റെക്കോര്‍ഡ്

 

മാഡ്രിഡ്: ബാര്‍സലോണയുടെ വീഴ്ച സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മുതലാക്കാനായില്ല. അത്‌ലറ്റിക് ക്ലബിനെതിരായ മത്സരത്തില്‍ ഗോള്‍ രഹിത സമനിവ പാലിച്ച റയല്‍ പോയന്റ് ടേബിളില്‍ ബാര്‍സയുമായി പോയന്റകലം കുറയ്ക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി. അതേസമയം മറ്റു മത്സരങ്ങളില്‍ സെവിയ്യയും അത്‌ലറ്റിക്കോ മാഡ്രിഡും ജയം കരസ്ഥമാക്കി പോയിന്റ് ടേബിളില്‍ ബാര്‍സയുമായി പോയന്റകലം കുറച്ചു.

കോപ ഡെല്‍ റേയില്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പരിശീലകന്‍ സൈനുദ്ദീന്‍ സിദ്ദാന്‍ ശക്തമായ ടീമിനെ തന്നെയായിരുന്നു അത്‌ലറ്റിക്കോ ക്ലബിനെതിരെ അണി നിരത്തിയത്. ക്രിസ്റ്റിയനോ റൊണാള്‍ഡോ-ഇസ്‌കോ-കരീം ബെന്‍സീമ എന്നി ത്രയത്തെ മുന്നേറ്റ നിരയില്‍ ഇറക്കിയെങ്കിലും ഇവര്‍ക്ക് ഗോള്‍ കണ്ടെത്താനായില്ല. ലാലീഗില്‍ മോശം ഫോം തുടരുന്ന ക്രിസ്റ്റിയാനോ ഒരിക്കല്‍കൂടി ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടു.

അവസാന മിനുട്ടുകളില്‍ ഗോളിനായി കിണഞ്ഞു ശ്രമിക്കുന്നതിനിടെ 86-ാം മിനുട്ടില്‍ റയല്‍ നായകന്‍ സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡുമായി പുറത്തായതും റയലിന് തിരിച്ചടിയായി. ഇതോടെ ലാലീഗില്‍ ഏറ്റവുമധികം ചുവപ്പു കാര്‍ഡു നേടുന്ന ദുഷ്‌പേര് റയല്‍ നായകന് സ്വന്തമായി. കളത്തിലെ പെരുമാറ്റ ദൂഷ്യത്തിന് 19 ചുവപ്പു കാര്‍ഡുകളാണ് സ്പാനിഷ് പ്രതിരോധതാരം ഇതുവരെ കണ്ടത്. 18 കാര്‍ഡുകള്‍ വീതം നേടിയ റയല്‍ സരഗോസ താരം സാവ് അഗ്വാഡോ,മുന്‍ സെവിയ്യ താരം പബ്ലോ അല്‍ഫാരോ എന്നിവരെ പിന്തള്ളിയാണ് ഏറ്റവും കൂടുല്‍ ചുവപ്പു കാര്‍ഡു നേടുന്ന താരമെന്ന ദുഷ്‌പേര് റാമോസ് സ്വന്തമാക്കിയത്. 46 ചുവപ്പു കാര്‍ഡ് നേടിയ കൊളംബിയന്‍ താരം ജെറാര്‍ഡോ ബെദായാണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം ചുവപ്പുകാര്‍ഡ് കണ്ട താരം.

സെവിയ്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഡിപോര്‍ട്ടിവോ കോര്‍ണയെ പരാജയപ്പെടുത്തിയപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോള്‍കള്‍ക്ക് റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തിയാണ് ജയം സ്വന്തമാക്കിയത്.ലീഗില്‍ കുതിപ്പു തുടുരുന്ന ബാര്‍സലോണയെ സ്വന്തം തട്ടകമായ നൗകാമ്പില്‍ സെല്‍റ്റാ ഡി വിഗോ അപ്രതീക്ഷിത (2-2)സമനിലയില്‍ കുരുക്കുകയായിരുന്നു.

14 മത്സരങ്ങള്‍ പൂര്‍ത്തിയായ ലീഗില്‍ 36 പോയന്റുമായി ബാര്‍സയാണ് തലപ്പത്ത്. 31 പോയന്റുള്ള സെവിയ്യ രണ്ടാമതും അത്‌ലറ്റിക്കോ മാഡ്രിഡ് (30) റയല്‍ മാഡ്രിഡ് (30) മൂന്നും നാലും സ്ഥാനങ്ങളിലാണ്.