റയലിന് വീണ്ടും തോല്‍വി, വില്ലനായി നായകന്‍ റാമോസ്; അപരാജിത കുതിപ്പ് തുടര്‍ന്ന് ബാര്‍സ

മാഡ്രിഡ്: നായകന്‍ സെര്‍ജിയോ റാമോസ് വില്ലനായപ്പോള്‍ ലാലീഗയില്‍ റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സെവിയ്യ റയലിനെ തോല്‍പ്പിച്ചത്. അതേസമയം ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന ബാര്‍സലോണ ഒന്നിനെതിരെ അഞ്ച് ഗോളികള്‍ക്ക് വിയ്യാറയലിനെ തോല്‍പ്പിച്ചു. ലീഗില്‍ നടപ്പു സീസണില്‍ റയലിന്റെ ആറാം തോല്‍വിയാണ്.

സെല്‍ഫ് ഗോളും പെനാല്‍റ്റി പാഴാക്കിയും നായകന്‍ സെര്‍ജിയോ റാമോസ് റയലിന്റെ തോല്‍വിക്ക് ഉത്തരവാദിയായി. സ്വന്തം തട്ടകത്തില്‍ വിസാം ബെന്‍ യെഡ്ഡറിലൂടെ 26-ാം മിനിറ്റില്‍ സെവിയ മുന്നിലെത്തി. 45-ാം മിനിറ്റില്‍ മിഗ്വെല്‍ ലായന്‍ സെവിയയുടെ ലീഡ് ഇരട്ടിയാക്കി. 58-ാം മിനിറ്റില്‍ റയലിന് ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ കിക്ക് എടുത്ത് റാമോസ് പാഴാക്കി.് 84-ാം മിനറ്റില്‍ സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ച് റാമോസ് റയലിന്റെ തോല്‍വിക്ക് ആക്കം കൂട്ടി. 87-ാം മിനിറ്റില്‍ ബോര്‍ജ മയോറോളിലൂടെ റയല്‍ ഒരു ഗോള്‍ മടക്കി. ഇഞ്ച്വറി ടൈമില്‍ വീണ്ടും റയലിന് അനുകൂലമായി റഫറി പൈനാല്‍റ്റി വിധിച്ചു. ഇത്തവണ കിക്കെടുത്ത റാമോസ് പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും തോല്‍വി ഒഴിവാക്കാന്‍ അതുമതിയായിരുന്നില്ല.

എവേ പോരാട്ടത്തില്‍ പതിനൊന്നാം മിനിറ്റല്‍ ബ്രസീലിയന്‍ ഫിലിപ്പ് കുട്ടിഞ്ഞ്യോയാണ് ബാര്‍സലോണയുടെ അക്കൗണ്ട് തുറന്നത്. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം പൗളന്യോ ലിഡുയര്‍ത്തി. മത്സരം ആദ്യ പകുതിക്ക് പരിയുന്നതിന് തൊട്ടുമുമ്പ് ഇനിയേസ്റ്റയുടെ അസിസ്റ്റില്‍ലയണല്‍ മെസി ലീഡ് മൂന്നാക്കി ഉയര്‍ത്തി. 54-ാം മിനിറ്റില്‍ നിക്കോള സാന്‍സണിലൂടെ ഒരു ഗോള്‍ മടക്കി. എന്നാല്‍ മത്സരത്തിന്റെ അവസാന ആറ് മിനിറ്റിനിടെ രണ്ട് തവണ വലകുലുക്കി ഓസ്മന്‍ ഡെംബെലെ കറ്റാലന്‍സിന്റെ വിജയം വലിയ മാര്‍ജിനിലാക്കി.