നോട്ട് അസാധുവാക്കല്‍ കള്ളപ്പണം ഇല്ലാതാക്കിയാല്‍ മോദിമന്ത്രം ജപിക്കാം: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ സാധിച്ചാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാന്‍ തയ്യാറാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നോട്ട് അസാധു നടപടിക്കെതിരെ ബവാനയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി പിന്‍വലിച്ചില്ലെങ്കില്‍ രാജ്യത്തി തന്റെ സമ്പദ്‌വ്യവസ്ഥ തകരുമെന്നും കെജ്രിവാള്‍ പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ പേരില്‍ ജനങ്ങളോട് രാജത്തിന് വേണ്ടി ത്യാഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന മോദി ദിവസവും പുതിയ വസ്ത്രങ്ങള്‍ മാറിമാറി അണിയുകയാണ്. തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിവരെല്ലാം നോട്ട് പ്രതിസന്ധിയെ തുടര്‍ന്നു ദുരിതം പേറുകയാണ്. എന്നാല്‍ പ്രധാനമന്ത്രി അപ്പോഴും വസ്ത്രങ്ങള്‍ മാറിമാറി ധരിക്കുന്ന തിരക്കിലാണ്. ജനങ്ങളോട് ചെയ്യാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ആദ്യം താങ്കള്‍ സ്വയം ചെയ്തുകാണിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത തന്റെ സുഹൃത്തുക്കളെ സഹായിക്കുന്നതിനാണ് മോദി നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതെന്നും കെജ്രിവാള്‍ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ പല നിലപാടുകളിലും തനിക്ക് എതിരഭിപ്രായങ്ങളുണ്ടെങ്കിലും സ്വച്ഛ് ഭാരത്, യോഗ ദിനാചരണം, മിന്നാക്രമണം തുടങ്ങി മോദി ചെയ്യുന്ന നല്ല കാര്യങ്ങളില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കും. എന്നാല്‍ നോട്ട് അസാധുവാക്കല്‍ പോലെ അദ്ദേഹം ചെയ്യുന്ന തെറ്റായ നടപടികളെ എതിര്‍ക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.