ഉയരട്ടെ, വിവേകത്തിന്റെ മാനവികപ്രതിരോധം


കേന്ദ്രത്തിലെ നരേന്ദ്രമോദിസര്‍ക്കാര്‍ 311 ലോക്‌സഭാംഗങ്ങളുടെയും 125 രാജ്യസഭാംഗങ്ങളുടെയും പിന്തുണയോടെ പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത് രാഷ്ട്രപതി ഡിസംബര്‍12ന് ഒപ്പുവെച്ച മുസ്‌ലിംകളുടെപൗരത്വം റദ്ദാക്കുന്ന 1955ലെ പൗരത്വഭേഗഗതി നിയമത്തിനെതിരെ (സി.എ.എ2019) രാജ്യത്താകമാനം വന്‍തോതിലുള്ള ബഹുജനപ്രതിഷേധവും മതേതരത്വപ്രതിരോധവുമാണ് നടന്നുവരുന്നത്. ബില്‍ പാസായതുമുതലിങ്ങോട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച ജനകീയപ്രക്ഷോഭം അതിരുവിട്ടനിലയിലേക്ക് കടന്നിരിക്കുകയാണ്.
അസമിലും ത്രിപുരയിലും ആരംഭിച്ച പ്രതിഷേധം തീവെപ്പിലേക്കും വെടിവെപ്പിലേക്കുംവരെ ചെന്നെത്തി. പശ്ചിമബംഗാളിലേക്കും ഡല്‍ഹിയിലേക്കും പ്രക്ഷോഭംവ്യാപിച്ചുകഴിഞ്ഞു. കൗമാരക്കാരനുള്‍പ്പെടെ ആറുപേരാണ് ഈസംസ്ഥാനങ്ങളില്‍ ഇതുവരെ ബി.ജെ.പിസര്‍ക്കാരുകളുടെ വെടിയുണ്ടകളേറ്റ് മരിച്ചുവീണത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പറയുന്നത് പ്രദേശത്തേക്ക് മറ്റുള്ള രാജ്യത്തുള്ള ഹിന്ദുക്കളും മറ്റും വന്നാല്‍ തങ്ങളുടെ നിത്യജീവിതം കൂടുതല്‍പ്രയാസത്തിലകപ്പെടുമെന്നാണെങ്കില്‍, മറ്റുസംസ്ഥാനങ്ങളിലെ പ്രതിഷേധക്കാര്‍ ആ ആവശ്യമല്ല ഉന്നയിക്കുന്നത്. പൗരത്വത്തില്‍നിന്നും മുസ്‌ലിംകളെമാത്രം ഒഴിവാക്കിക്കൊണ്ടുള്ള അത്യന്തം മാനുഷികവിരുദ്ധവും ഭരണഘടനാമൂല്യങ്ങള്‍ക്ക് നിരക്കാത്തതുമായ നിയമത്തിലെ പ്രധാനവ്യവസ്ഥയാണ് അവരുന്നയിക്കുന്ന നീറുന്നപ്രശ്‌നം. ഈരാജ്യത്ത് ജനിച്ചുവളര്‍ന്നവരും വിഭജനത്തിനുശേഷം അഫ്ഗാനിസ്ഥാന്‍, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് വന്നവരുമായ മുസ്്‌ലിംകള്‍ക്ക് മതിയായ രേഖകളിലെല്ലെങ്കില്‍ പൗരത്വംനല്‍കാനാവില്ലെന്നും ഹിന്ദു, ക്രിസ്ത്യ, സിഖ്, ബുദ്ധ, ജൈന,പാഴ്‌സി സമുദായങ്ങള്‍ക്ക് അത്‌നല്‍കുമെന്നുമാണ് വിവാദപരമായ വ്യവസ്ഥ. ഇത് പൗരത്വത്തിന് ഏതുവിഭാഗങ്ങള്‍ക്കും തുല്യാവകാശമെന്ന ഭരണഘടനയുടെ മൗലികാവകാശത്തിന്തന്നെ എതിരാണ്.
സ്വാഭാവികമായും മുസ്‌ലിംകള്‍ 27 ശതമാനത്തിലധികം അധിവസിക്കുന്ന കേരളത്തില്‍നിന്നും അടക്കിപ്പിടിച്ച പ്രതിഷേധസ്വരം ഉയരുകയുണ്ടായി. വിവിധ മുസ്‌ലിംസംഘടനകള്‍ പ്രതിഷേധവും പ്രകടനങ്ങളും ആരംഭിക്കുന്നതിനുമുമ്പുതന്നെ നവംബര്‍12ന് ഡല്‍ഹിജാമിഅ മില്ലിയ്യ, അലിഗഡ് സര്‍വകലാശാലകളിലും കോഴിക്കോട് ഫറൂഖ്‌കോളജിലും മലപ്പുറംഗവ.കോളജിലുംമറ്റും വിദ്യാര്‍ത്ഥികള്‍ഒറ്റക്കെട്ടായി മതേതരത്വഇന്ത്യയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായി നടുറോഡിലിറങ്ങി. ബില്‍പാസായതിന് തൊട്ട പ്രഭാതത്തില്‍തന്നെ മുസ്‌ലിംലീഗ് സുപ്രീംകോടതിയില്‍ നിയമത്തിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി ഹരജി നല്‍കി. വിവിധ മുസ്‌ലിംസംഘടനകളും മഹല്ലുകളും മുസ്‌ലിംയൂത്ത്‌ലീഗും സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങള്‍ വന്റാലികള്‍വഴി പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. കേരളത്തില്‍ ഒരിടത്തുനിന്നുപോലും അനിഷ്ടകരമായ ഒരൊറ്റസംഭവവും ഇതുവരെയുംറിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നതില്‍ തീര്‍ച്ചയായും മുസ്‌ലിംലീഗിനും കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ക്കുമെല്ലാം അഭിമാനിക്കാം. അവരെല്ലാം ഒരേസ്വരത്തില്‍ നിയമത്തിനെതിരെയും മോദിസര്‍ക്കാരിന്റെ കുടില ബുദ്ധിക്കെതിരെയും രംഗത്തുവന്നതിന്റെ ഫലമാണിത്. മുമ്പ് ഇന്ത്യന്‍മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരിമസ്ജിദ് സംഘപരിവാര്‍ കര്‍സേവകര്‍ തച്ചുതകര്‍ത്തപ്പോഴും പാണക്കാട്‌സയ്യിദ്മുഹമ്മദലി ശിഹാബ്തങ്ങളുടെ ബൗദ്ധികവും ആത്മീയവുമായ പക്വതയാര്‍ന്ന രാഷ്ട്രീയനേതൃത്വത്തിനുകീഴില്‍ സമാധാനത്തിന്റെ വിവേകവഴി ഉള്‍ക്കൊള്ളാന്‍ സന്നദ്ധമായ ചരിത്രമാണ് കേരളത്തിനും വിശിഷ്യാ ഇവിടുത്തെ മുസ്‌ലിംസമുദായത്തിനുമുള്ളത്. ഇതിന്റെ എഴുപത്തേഴാം വര്‍ഷത്തിലും കേരളം പച്ചപ്പട്ടുപോലെ പരിപാവനമായ പാണക്കാട്തങ്ങന്മാരുടെ അതേ പാതയില്‍തന്നെയാണ് ചരിക്കുന്നതെന്നാണ് ഓരോനിമിഷവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
മുസ്‌ലിംലീഗിന്റെ സംസ്ഥാനഅധ്യക്ഷനും ദേശീയരാഷ്ട്രീയോപദേശകസമിതി ചെയര്‍മാനുമായ പാണക്കാട് സയ്യിദ് ഹൈദരലിതങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ മലപ്പുറത്തുചേര്‍ന്ന വിവിധ മുസ്‌ലിംസംഘടനകളുടെ നേതൃയോഗം പ്രശ്‌നത്തില്‍ യോജിച്ചുള്ളപ്രക്ഷോഭത്തിന് തയ്യാറാകണമെന്ന അഭിപ്രായമാണ് ഒരിക്കല്‍കൂടി മുന്നോട്ടുവെച്ചിരിക്കുന്നത്. ജനുവരിയില്‍ കൊച്ചിയില്‍ പ്രത്യേകകണ്‍വന്‍ഷന്‍ ചേരാനും സമാനമനസ്‌കരായ മുഴുവന്‍ സംഘടനകളെയും പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഈചരിത്രപരിപ്രേക്ഷ്യത്തിലേക്ക് ഉള്‍ക്കൊള്ളിക്കാനുമാണ് യോഗംതീരുമാനിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ സമാനമനസ്‌കരായ മത-മതേതരസംഘനകളുടെയും പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ക്കാനും മുസ്‌ലിംലീഗ് മുന്‍കയ്യെടുക്കും. ജനാധിപത്യവും മതേതരത്വവും മുറുകെപിടിക്കുകയും സ്വന്തംരാജ്യത്തെ തങ്ങളുടെ ഹൃദയത്തെപോലെ കൊണ്ടുനടക്കുകയുംചെയ്യുന്ന ഇന്ത്യയിലെ എല്ലാതരംപൗരന്മാരെയും ഉള്‍ക്കൊള്ളാനുള്ള മാതൃകാമാര്‍ഗമാണ് മോദിക്കും അമിത്ഷാദികള്‍ക്കും മുസ്‌ലിംലീഗ്‌നേതൃത്വം ഇതിലൂടെ കാഴ്ചവെക്കാന്‍പോകുന്നത്.
മുസ്‌ലിംലീഗിന് പുറമെ കോണ്‍ഗ്രസും മറ്റും സുപ്രീംകോടതിയില്‍ സമാനമായ ഹര്‍ജികള്‍ സമര്‍പ്പിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ സംഘാടനത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന പടുകൂറ്റന്‍ ‘ദേശ് ബചാവോ’ റാലിയില്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളെല്ലാം പ്രസംഗിച്ചതും മോദിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നത് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചതും ജനതയുടെ വികാരം മനസ്സിലാക്കിയാണ്. പാര്‍ലമെന്റിനകത്ത് കപില്‍ സിബല്‍, ശശിതരൂര്‍, ജയറാംരമേശ്, എന്‍.കെ പ്രേമചന്ദ്രന്‍, കെ.കെ രാഗേഷ്, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്ബഷീര്‍, പി.വി അബ്ദുല്‍വഹാബ് തുടങ്ങിയവര്‍ പ്രകടിപ്പിച്ച വികാരവിചാരങ്ങള്‍ രാജ്യം എത്രകണ്ട് അപകടത്തിലാണെന്ന് വരച്ചുകാട്ടുന്നതായി. വ്യത്യസ്ത ആശയധാരകള്‍ കൊണ്ടുനടക്കുമ്പോഴും കാടന്‍നിയമത്തിനെതിരെ ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിവിധകക്ഷിനേതാക്കളും നടത്തുന്ന സത്യഗ്രഹസമരം നല്‍കുന്നതും പ്രബുദ്ധകേരളത്തിന്റെ ബഹിര്‍സ്പന്ദനമാണ്. കേരളം നാളിതുവരെ പിന്തുടര്‍ന്നുപോന്ന ജനാധിപത്യത്തിന്റെയും ശാന്തിയുടെയും മാര്‍ഗം ഈഘട്ടത്തില്‍ രാജ്യത്താകെയുള്ള ജനസമൂഹം കൗതുകപൂര്‍വമാണ് ചര്‍ച്ചചെയ്യുന്നതെന്ന് മറക്കരുത്. ഈ സ്വച്ഛസുന്ദരമായ ശാന്തിതടാകത്തിലേക്ക് കലക്കവെള്ളം കലര്‍ത്താന്‍ ഒരാളെയും അനുവദിക്കരുതെന്ന ആഹ്വാനംകൂടിയാണ് ജനാധിപത്യവിശ്വാസികളെല്ലാവരും മതജാതികക്ഷിഭേദമെന്യേ ഇതിലൂടെ നടത്തുന്നത്. കേന്ദ്രഇആഭ്യന്തരമന്ത്രി അമിത്ഷായുടെ അനുരഞ്ജനത്തിന്റെ പുതിയഭാഷ നല്‍കുന്നത് ഈ ജനവികാരത്തിന്റെ വിജയമാണ്.

SHARE