അടിപൊളി ബംഗളൂരു; ഹൈദരാബാദിന് ദയനീയ തോല്‍വി

ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിയുടെ നടുവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 14 റണ്‍സിന്റെ മിന്നും ജയം. 218 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 4 വിക്കറ്റ് നഷ്ട്ത്തില്‍ നിശ്ചിത 20 ഓവറില്‍ 204 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നേരത്തെ മോയിന്‍ അലി-എബി ഡി വില്ലിയേഴ്‌സ് കൂട്ടുകെട്ടിന്റെ ബാറ്റിംഗ് മികവിലാണ് ബാംഗ്ലൂര്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഹൈദരാബാദിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കെയിന്‍ വില്ല്യംസണും പാണ്ടെയും കൂടി ടീമിനെ കരയടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല.

രാഷ്ട്രീയ പ്രതിസന്ധിയുടെ നടുവിലാണ് കര്‍ണാടകയും ആസ്ഥാനമായ ബംഗളൂരുവമെങ്കിലും ചിന്നസ്വാമി സ്‌റ്റേഡിത്തെ അതൊന്നും ബാധിച്ചിരുന്നില്ല. സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി റോയല്‍ ചാലഞ്ചേഴ്‌സ്് അടിച്ചു പൊളിച്ച് നേടിയത് 218 റണ്‍സ്. ടോസ് ഭാഗ്യം ലഭിച്ചിട്ടും ആതിഥേയരെ ആദ്യം ബാറ്റിംഗിന് വിടാനായിരുന്നു ഹൈദരാബാദ് നായകന്‍ കീത്ത് വില്ല്യംസണിന്റെ തീരുമാനം. നായകന്റെ തീരുമാനം തെറ്റിയില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഓപ്പണിംഗ് ബൗളര്‍ സന്ദീപ് ശര്‍മയുടെ പ്രകടനം. ആദ്യ ഓവറിലെ അവസാന പന്തില്‍ പാര്‍ത്ഥീവ് പട്ടേല്‍ (1) പുറത്ത്. റിവേഴ്‌സ് സ്വീപ്പില്‍ തേര്‍ഡ്മാന്‍ ബൗണ്ടറിയില്‍ പാര്‍ത്ഥീവ് പിടികൊടുത്തു. പകരം വന്ന ഡി വില്ലിയേഴ്‌സ് തട്ടുപൊളിപ്പന്‍ ശൈലിയിലായിരുന്നു. ബൗളര്‍മാരെ കൂസാതെ കടന്നാക്രമണം. സ്‌ക്കോര്‍ 38 ല്‍ എത്തിയപ്പോള്‍ മറുഭാഗത്ത് വിരാത് കോലി ദയനീയമായി പുറത്തായി. ചാമ്പ്യന്‍ഷിപ്പിലുടനീളം ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ഇന്ത്യന്‍ നായകന്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ്ഖാന്റെ പന്തില്‍ പ്രതിരോധം തകര്‍ന്ന് ക്ലീന്‍ ബൗള്‍ഡായി. ലക്കും ലഗാനുമില്ലാതെ ബാറ്റേന്തിയതിന്റെ ദുരന്തഫലം. ചാമ്പ്യന്‍ഷിപ്പിലുടനീളം സ്പിന്നര്‍ക്ക് മുന്നില്‍ പ്രതിരോധം തകര്‍ന്ന് പതറുന്ന കോലിയുടെ കാഴ്ച്ച പലപ്പോഴും അവിശ്വസനീയതോടെയാണ് അദ്ദേഹത്തിന്റെ സഹതാരങ്ങള്‍ പോലും കണ്ടിരുന്നത്. 11 പന്തില്‍ 12 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. മോയിന്‍ അലിയാണ് പകരം വന്നത്. ബേസില്‍ തമ്പിയെ തുടര്‍ച്ചയായി രണ്ട് സിക്‌സറിന് പറത്തി ഇംഗ്ലീഷുകാരന്‍ കരുത്തറിയിച്ചു. ബേസില്‍ കണക്കിന് അടി വാങ്ങിയ മല്‍സരത്തില്‍ 39 പന്തില്‍ 69 റണ്‍സാണ് എബി നേടിയത്. മോയിന്‍ അലി 34 പന്തില്‍ 65 റണ്‍സ് നേടി. സിഡി ഗ്രാന്‍ഡ് ഹോം ഞെട്ടിക്കുന്ന വേഗതയില്‍ 40 റണ്‍സ് നേടിയപ്പോള്‍ ചിന്നസ്വാമി മതിമറന്നു. നാലോവറില്‍ 70 റണ്‍സാണ് ബേസില്‍ വാരിക്കോരി നല്‍കിയത്.

SHARE