മെഹുല്‍ ചോക്‌സി, ബാബാ രാം ദേവ്… അമ്പത് വന്‍കിടക്കാരുടെ കടം എഴുതിത്തള്ളി ആര്‍.ബി.ഐ; വേണ്ടെന്നു വച്ചത് 68,607 കോടി!

മുംബൈ: മെഹുല്‍ ചോക്‌സി അടക്കം വായ്പയെടുത്തു മുങ്ങിയ അമ്പത് വന്‍കിടക്കാരുടെ 68,607 കോടി രൂപ എഴുതിത്തള്ളിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെയ്ക്ക് നല്‍കിയ മറുപടിയിലാണ് ആര്‍.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.

ധനമന്ത്രി നിര്‍മല സീതാരാമന്‍, സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവരുടെ ഓഫീസില്‍ ഈ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അവര്‍ മറുപടി നല്‍കിയില്ല. കഴിഞ്ഞ ബജറ്റ് സെഷനില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ഗാന്ധിയും ഈ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ആര്‍.ബി.ഐയില്‍ നിന്ന് വിവരങ്ങള്‍ തേടിയത് എന്ന് ഗോഖലെ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്താന്‍ മടിച്ച വിവരങ്ങള്‍ ആര്‍.ബി.ഐ സെന്‍ട്രല്‍ പബ്ലിക് ഓഫീസര്‍ അഭയ് കുമാര്‍ ആണ് ഏപ്രില്‍ 24നാണ് ഗോഖലെയ്ക്ക് നല്‍കിയത്.

മറുപടിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്ന് ഗോഖലെ പറയുന്നു. 2019 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം വായ്പ തിരികെ അടയ്ക്കാത്ത 50 പേരുടെ വായ്പാ കുടിശ്ശിക ഉള്‍പ്പെടെ 68,607 കോടി രൂപ ബാങ്കുകള്‍ എഴുതി തള്ളിയെന്നാണ് ആര്‍ബിഐയുടെ മറുപടിയിലുള്ളത്.

പട്ടികയില്‍ ഒന്നാമതുള്ള ചോക്‌സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപ കുടിശ്ശികയുണ്ട്. മറ്റ് ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡ് എന്നിവയും യഥാക്രമം 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തു.

ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്കിടെ ചോക്‌സി ആന്റിഗ്വെ ആന്‍ഡ് ബര്‍ബഡോസ് പൗരത്വം സ്വീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അനന്തരവനും വജ്ര വ്യവസായിയുമായ നീരവ് മോദി ലണ്ടനിലാണ് ഉള്ളത്. പട്ടികയില്‍ രണ്ടാമതുള്ളത് ആര്‍.ഐ.ജി അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ സന്ദീപ് ജുന്‍ജുന്‍വാലയും സഞ്ജയ് ജുന്‍ജുന്‍വാലയുമാണ്. ഒരു വര്‍ഷമായി എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലുള്ളവരാണിവര്‍. 4,314 കോടിയാണ് വായ്പാ കുടിശ്ശിക. രാജ്യം വിട്ട മറ്റൊരു രത്‌നവ്യാപാരിയായ ജെതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്‌സ് ആന്‍ഡ് ജ്വല്ലറിക്ക് 4,076 കോടിയാണ് വായ്പാ കുടിശ്ശിക. ഈ കേസ് സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

കാന്‍പൂര്‍ ആസ്ഥാനമായ റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 2850 കോടിയും പഞ്ചാബിലെ കുഡോസ് കെമിയുടെ 2326 കോടിയും ബാബാ രാം ദേവിന്റെ രുചി സോയ ഗ്രൂപ്പിന്റെ 2212 കോടിയും ഗ്വാളിയോറിലെ സൂം ഡവലപ്പേഴ്‌സിന്റെ 2012 കോടിയും എഴുതിത്തള്ളിയിട്ടുണ്ട്.

1000 കോടിക്ക് മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയതില്‍ 18 കമ്പനികളാണുള്ളത്. ഇതില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സും ഹരീഷ് ആര്‍ മേത്തയുടെ ഫോറെവര്‍ പ്രീഷ്യസ് ജ്വല്ലറിയുമുണ്ട്. 1000 കോടിക്ക് താഴെ കുടിശ്ശിക വരുത്തിയ 25 സ്ഥാപനങ്ങളുമുണ്ട്. ഇത്തരത്തില്‍ വായ്പാ കുടിശ്ശിക വരുത്തിയ 50 പേരില്‍ ആറു പേര്‍ രത്‌ന- സ്വര്‍ണ്ണ ബിസിനസുമായി ബന്ധപ്പെട്ടവരാണ്.