ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിച്ച് ആര്‍ബിഐ

രാജ്യത്ത് കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് വിവിധ മേഖലകളില്‍ കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിച്ച് ആര്‍ ബി ഐ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.നിലവിലെ സാഹചര്യത്തില്‍ വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, NBFCs എന്നിവിടങ്ങളില്‍ നിന്നുള്ള വായ്പകള്‍ക്കാണ് മാര്‍ച്ച് ഒന്ന് മുതല്‍ മെയ് മുപ്പത്തി ഒന്ന് വരെ ഏകദേശം 2 മാസക്കാലത്തേക്ക് മൊറട്ടോറിയം അനുവദിച്ചത്. ഇതനുസരിച്ചു മുറ്റത്തെ മുല്ല വായ്പ പദ്ധതിക്കും മൊറട്ടോറിയം ബാധകമായിരിക്കും.
മൊറട്ടോറിയം സംസ്ഥാനത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ബാങ്കില്‍ നിന്നും എടുത്തിട്ടുള്ള എല്ലാവിധ വായ്പകള്‍ക്കും ബാധകമാണ്. കൂടാതെ മൊറട്ടോറിയം കാലാവധിയില്‍ പിഴപലിശ ഈടാക്കാനോ പാടില്ല. എന്നാല്‍ മൊറട്ടോറിയം കാലാവധിയില്‍ നിലവിലുള്ള പലിശ മൊറട്ടോറിയം കാലാവധിക്ക് ശേഷം ഈടാക്കാവുന്നതാണ്.ഇത് കൂടാതെ സഹകരണ സ്ഥാപനമോ ബാങ്കോ സ്വന്തം ഫണ്ട് ഉപയോഗിച്ച് നല്‍കുന്ന വായ്പകളുടെ പലിശയുടെ കാര്യത്തില്‍ അതാത് സ്ഥാപനങ്ങളുടെ ഭരണസമിതിക്ക് വേണമെങ്കില്‍ ഇളവ് അനുവദിക്കാവുന്നതാണ്.
പുതിയ മൊറട്ടോറിയം നിയമം നടപ്പില്‍ വരുത്താനും സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ ഉറപ്പുവരുത്താനും എല്ലാ ജനറല്‍ വിഭാഗ ജോയിന്റ് രജിസ്ട്രാര്‍മാരെയും ഓഡിറ്റ് വിഭാഗ ഡയറക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

SHARE