വിമര്‍ശനം കുറിക്കു കൊണ്ടു: റിസര്‍വ് ബാങ്ക് പത്രസമ്മേളനത്തില്‍ നിന്ന് വിദേശ മാധ്യമങ്ങളെ ഒഴിവാക്കി

നരേന്ദ്ര മോദി സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നയം ആഗോള തലത്തില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍, വിമര്‍ശനങ്ങളോട് അസഹിഷ്ണതയോടെ പ്രതികരിച്ച് റിസര്‍വ് ബാങ്ക്. നയങ്ങളെയും പലിശ നിരക്കിനെയും സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുന്‍നിര ധനകാര്യ, വാണിജ്യ മാഗസിന്‍ ആയ ‘ദി ഇക്കണോമിസ്റ്റി’ന്റെയും ബി.ബി.സിയുടെയും പ്രതിനിധികള്‍ക്ക് പ്രവേശനം നിഷേധിച്ചത്.

ഇക്കണോമിസ്റ്റിന്റെ ഇന്ത്യന്‍ പ്രതിനിധി സ്റ്റാന്‍ലി പിഗ്നല്‍ ആണ് ട്വിറ്ററിലൂടെ, തനിക്ക് പ്രവേശനം നിഷേധിച്ച കാര്യം പുറത്തുവിട്ടത്. ‘ആശ്ചര്യം; ഇക്കണോസിറ്റിനെ ആര്‍.ബി.ഐയുടെ പത്രസമ്മേളനത്തിന് ക്ഷണിച്ചില്ല. എന്നെ അകത്തേക്കു കടത്തിവിടുന്നില്ല. സുതാര്യതക്ക് ദുഃഖകരമായ ദിനം’ എന്നാണ് പിഗ്നലിന്റെ ട്വീറ്റ്. ആര്‍.ബി.ഐ വക്താവിന്റെ ആവശ്യപ്രകാരമാണ് തന്നെ പുറത്തുനിര്‍ത്തിയതെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ മാധ്യമങ്ങളോട് സംസാരിക്കാത്തതിനെ താന്‍ വിമര്‍ശിച്ചതാവാം കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ലോകത്തെ മുന്‍നിര ധനകാര്യ, വാണിജ്യ ജേണല്‍ ആയ ‘ദി ഇക്കണോമിസ്റ്റ്’ മോദിയുടെ നയങ്ങളെ ശക്തമായി വിമര്‍ശിച്ച് രണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മോദി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച പദ്ധതിയെ ബ്രിട്ടനില്‍ നിന്ന് പുറത്തിറങ്ങുന്ന ഇക്കണോമിസ്റ്റ് വസ്തുതകളുടെ വെളിച്ചത്തില്‍ വിമര്‍ശിച്ചത് വലിയ വാര്‍ത്തയാവുകയും ചെയ്തു.

തങ്ങളുടെ ലേഖകര്‍ക്കും ആര്‍.ബി.ഐ പ്രവേശനം നിഷേധിച്ചെന്ന് ബി.ബി.സി കുറ്റപ്പെടുത്തി. കേന്ദ്ര നയത്തെ വിമര്‍ശിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ ബി.ബി.സിയും പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച ചില ദേശീയ മാധ്യമങ്ങളെയും ആര്‍.ബി.ഐ പത്രസമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.

SHARE