സ്വന്തം ഷൂലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോനിയെ വിമര്‍ശിക്കുന്നത്; മറുപടിയുമായി രവിശാസ്ത്രി

എം.എസ് ധോനിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത്. വിരമിക്കല്‍ തീരുമാനം ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ ധോനി മാത്രം എടുക്കേണ്ടതാണെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

‘സ്വന്തം ഷൂലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോനിയെ വിമര്‍ശിക്കുന്നവരില്‍ പകുതി പേരും’ എന്നായിരുന്നു രവി ശാസ്ത്രിയുടെ കമന്റ്.
‘ധോനി രാജ്യത്തിന് വേണ്ടി നേടിയ നേട്ടങ്ങള്‍ കാണാതെ പോകരുത്. അദ്ദേഹത്തെ എത്രയും പെട്ടന്ന് ക്രിക്കറ്റില്‍ നിന്ന് പറഞ്ഞുവിടണമെന്ന് ആളുകള്‍ക്ക് എന്താണ് ഇത്ര ആഗ്രഹം? എന്തിനാണ് ഇത്രയും ധൃതി കൂട്ടുന്നത്? അദ്ദേഹം ഈ അടുത്തുതന്നെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കും എന്ന കാര്യം അദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കും അറിയാം. അതിന് അനുവദിക്കുക. സമയം കൊടുക്കുക. രാജ്യത്തിന് വേണ്ടി 15 വര്‍ഷം കളിച്ച ധോനിയെ അവഹേളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.