‘തബല വായിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്’; പന്തിന് പിന്തുണയുമായി രവിശാസ്ത്രി

ഋഷഭ് പന്ത് മികച്ച താരമാണെന്നും അതിനാല്‍ ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന് സമ്പൂര്‍ണ പിന്തുണ നല്‍കുമെന്നും ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. തുടര്‍ച്ചയായി നിറംമങ്ങുന്ന സാഹചര്യത്തില്‍ പന്തിന്റെ ടീമിലെ സ്ഥാനം ചര്‍ച്ചയാകുമ്പോഴാണ് പിന്തുണയുമായി രവി ശാസ്ത്രിയുടെ എത്തിയിരിക്കുന്നത്. പിഴവുകള്‍ വരുത്തിയാല്‍ തുടര്‍ന്നും താന്‍ ശാസിക്കും. തബല വായിക്കാനല്ല താന്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തിരിക്കുന്നതെന്നും വ്യക്തമാക്കി.

‘തീര്‍ത്തും വ്യത്യസ്തനായ താരമാണ് പന്ത്. അദ്ദേഹത്തിന്റെ കളി ലോകോത്തര നിലവാരമുള്ളതാണ്. അതുകൊണ്ടുതന്നെ പന്തിന്റെ കാര്യത്തില്‍ ക്ഷമയോടെ കാത്തിരിക്കുകയെന്നതാണ് നയം. മാധ്യമങ്ങളും ക്രിക്കറ്റ് വിദഗ്ധരുമൊക്കെ എന്തു വേണമെങ്കിലും എഴുതട്ടെ. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ പന്തിന് വ്യക്തമായ ഇടമുണ്ട് എന്നതാണ് വാസ്തവം. ക്രിക്കറ്റ് വിദഗ്ധര്‍ക്ക് അവരുടേതായ ജോലിയുണ്ട്. അവരത് ചെയ്യട്ടെ.

ആരെങ്കിലും പിഴവു വരുത്തിയാല്‍ അവരെ തിരുത്തേണ്ടത് എന്റെ കടമയാണ്. അല്ലാതെ തബല വായിക്കാനല്ലല്ലോ ഞാന്‍ അവിടിരിക്കുന്നത്.ശാസ്ത്രി പറഞ്ഞു.