രവിശങ്കറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മകനെത്തിയില്ല; രാമനാമം ചൊല്ലി നേതൃത്വം നല്‍കി മുസ്ലിം യുവാക്കള്‍ വീഡിയോ വൈറല്‍

ലക്‌നൗ: കൊറോണവൈറസ് ബാധയുടെ പശ്ചാതലത്തില്‍ രാജ്യം 21 ദിവസത്തേക്ക് ലോക്‌ഡൌണായ സാഹചര്യത്തില്‍ മരണവീടുകളിലും പ്രതിസന്ധി നേരിടുന്നു. വീടുകളില്‍ ആരെങ്കിലും മരിച്ചാല്‍ വീട്ടിലേക്ക് എത്താനോ ചടങ്ങുകള്‍ ചെയ്യാനോ ആളില്ലാത്തതാണ് പുതിയ പ്രതിസന്ധി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരിച്ചതാണ് രവി ശങ്കര്‍. എന്നാല്‍ ഇയാളുടെ മകന്‍ ജോലി ചെയ്യുന്നത് മറ്റൊരു പ്രദേശത്തുമാണ്. രണ്ടു പെണ്‍മക്കളെ വിവാഹം ചെയ്ത് അയക്കുകയും ചെയ്തു. ലോക്ഡൗണ്‍ കുടുംബാംഗങ്ങള്‍ക്കാകട്ടെ എത്താനും കഴിഞ്ഞില്ല. ഈ അവസരത്തിലാണ് തൊട്ടടുത്ത് താമസിക്കുന്ന മുസ്ലിം യുവാക്കള്‍ മൃതദേഹം സംസ്‌കരിക്കാന്‍ മുമ്പോട്ട് വന്നത്.

രവിശങ്കറിന്റെ മൃതദേഹം ചുമലിലേറ്റി രാമനാമം ജപിച്ച് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുസ്ലിം യുവാക്കളുടെ ദൃശ്യങ്ങളില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഏറ്റവും കൂടുതല്‍ വര്‍ഗീയ പരാമര്‍ശങ്ങളും ഏറ്റുമുട്ടലുകളും നടക്കുന്ന ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നുള്ള ഈ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ശശി തരൂര്‍ അടക്കമുള്ള നേതാക്കളും വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. മതമല്ല മനുഷ്യത്വാണ് വലുത് എന്ന് ഈ കൊറോണക്കാലത്തും ആളുകളെ വ്യക്തമാക്കിക്കൊടുക്കുന്നതാണ് ഈ വീഡിയോ.