സൗജന്യ റേഷന്‍ വാങ്ങാന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം


കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈ ആഴ്ച തുടങ്ങും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സൗജന്യ റേഷന്‍ വാങ്ങാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റേഷന്‍ വാങ്ങാനുള്ള സമയം

ദിവസവും രാവിലെ മുതല്‍ ഉച്ചവരെ മുന്‍ഗണാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം മുന്‍ഗണേതര വിഭാഗങ്ങള്‍ക്കുമായിരിക്കും സൗജന്യ റേഷന്‍ വിതരണം.

ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ്

അന്ത്യോദയാ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രയോരിറ്റി ഹൗസ് ഹോള്‍ഡ്സ് (പിഎച്ച്എച്ച്) വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് കാര്‍ഡിലുള്ള ഒരു അംഗത്തിന് അഞ്ച് കിലോ വീതം സൗജന്യ ധാന്യം ലഭിക്കും. വെള്ള, നീല കാര്‍ഡുകളുള്ള മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയില്‍ കൂടുതല്‍ ധാന്യം നിലവില്‍ ലഭിക്കുന്ന നീല കാര്‍ഡ് ഉടമകള്‍ക്ക് അത് തുടര്‍ന്നും ലഭിക്കും.

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; തിരക്ക് ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ ഇങ്ങനെ

എന്നുവരെ വാങ്ങാം

ഏപ്രില്‍ 20 ന് മുന്‍പ് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കും. അതിനുശേഷമാകും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷന്‍ വിതരണം.

സുരക്ഷാ ക്രമീകരണങ്ങള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാകും റേഷന്‍ വിതരണം. ഒരു കടയില്‍ ഒരു സമയം അഞ്ചുപേരെ മാത്രമാണ് അനുവദിക്കുക. ഇതിനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്താം.

നേരിട്ടെത്തി വാങ്ങാന്‍ കഴിയില്ലെങ്കില്‍

റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തിച്ച് കൊടുക്കാന്‍ കടയുടമ ക്രമീകരണം ഉണ്ടാക്കണം. ജനപ്രതിനിധികളുടെയും പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായവും ഉപയോഗപ്പെടുത്താം.

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക്

റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യം നല്‍കും. ഇതിനായി ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പരും ചേര്‍ത്തുള്ള സത്യവാങ്മൂലം റേഷന്‍ വ്യാപാരിക്ക് നല്‍കണം.

SHARE