റേഷന്‍ കാര്‍ഡ് ക്രമീകരണം പാളുന്നു; 48 ലക്ഷം കുടുംബങ്ങള്‍ റേഷന് പുറത്താകും

പരാതിയുമായി ആയിരങ്ങള്‍

പി.എം മൊയ്തീന്‍കോയ

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കരടുപട്ടിക പ്രകാരം 48 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പുറത്താകുമെന്ന് സൂചന. ബി.പി.എല്ലിനു വേണ്ടിയുള്ള പട്ടിക അംഗീകരിച്ചാല്‍ ഇത്രയും കുടുംബങ്ങള്‍ക്ക് റേഷന്‍ നിര്‍ത്തുകയോ അല്ലെങ്കില്‍ സബ്‌സിഡി ഇല്ലാതെ സാധനങ്ങള്‍ വാങ്ങുകയോ ചെയ്യേണ്ടി വരും. സപ്ലൈ ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ലിസ്റ്റ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 14,217 റേഷന്‍ കടകളിലായി 87 ലക്ഷം കുടുംബങ്ങള്‍ക്കാണ് നിലവില്‍ റേഷന്‍ കാര്‍ഡുകള്‍ ഉള്ളത്.
കരട് ലിസ്റ്റ് പ്രകാരം 34 ലക്ഷം കുടുംബങ്ങളാണ് ബി.പി.എല്ലില്‍ ഇടം തേടിയത്. ഇതില്‍ തന്നെ നല്ലൊരു ശതമാനം ആളുകളും സാമ്പത്തികശേഷി ഉള്ളവരും ബി.പി.എല്ലിന് അര്‍ഹതയില്ലാത്തവരുമാണ്.


Dont miss: റേഷന്‍കാര്‍ഡ് പുന:ക്രമീകരണം; നെയ്യാറ്റിന്‍കരയില്‍ സ്ത്രീകള്‍ കുഴഞ്ഞുവീണു

ഓരോ റേഷന്‍കട പരിധിയിലും മൂന്നില്‍ ഒന്ന് പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. അതേസമയം അന്ത്യോദയ പദ്ധതി പ്രകാരം നേരത്തെയുള്ള 5 ലക്ഷം കുടുംബങ്ങളെയും അതേപടി ഉള്‍പ്പെടുത്തുകയും ചെയ്തതാണ് ആശ്ചര്യമായത്. ഈ പദ്ധതി പ്രകാരം പ്രതിമാസം 35 കിലോ വീതം 20 വര്‍ഷമായി അരി വാങ്ങിയവര്‍ക്കാണ് പുതിയ ലിസ്റ്റ് പ്രകാരം യാതൊരു മാറ്റവും ഇല്ലാതിരിക്കുന്നത്. ഇത്രയും കാലത്തിനിടക്ക് ഈ പദ്ധതിയില്‍ പെട്ട മുക്കാല്‍ഭാഗം പേരും മെച്ചപ്പെട്ട സാമ്പത്തിക ശേഷിയില്‍ ആയവരാണ്.rtnn

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുവേണ്ടി ഫോറത്തില്‍ ഇവര്‍ ഈ വിവരങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും നേരത്തെയുള്ള അന്ത്യോദയക്കാര്‍ എന്ന നിലയില്‍ അവരെയൊക്കെ വീണ്ടും ഒരു മാറ്റവും വരുത്താതെ ഉള്‍പ്പെടുത്തിയിരിക്കയാണ്. കാര്‍ഡ് പുതുക്കുന്നതിന് വേണ്ടി കാര്‍ഡ് ഉടമകള്‍ പൂരിപ്പിച്ച് നല്‍കിയ ഫോറങ്ങള്‍ ഓഫീസിലിരുന്ന് മാര്‍ക്കിട്ട് മുന്‍ഗണനാ ലിസ്റ്റ് തയാറാക്കിയതില്‍ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 

റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുവാനും റേഷന്‍ ഷാപ്പുടമകള്‍ക്കും ഭൂരിഭാഗം കാര്‍ഡ് ഉടമകള്‍ക്കും വിനയാകുന്ന നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാനത്തെ മുഴുവന്‍ റീട്ടെയില്‍ റേഷന്‍ കടകളും ഇന്ന് അടച്ചിടും. റേഷന്‍ വ്യാപാരി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കും. പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംയുക്ത സമിതി കണ്‍വീനര്‍ ടി. മുഹമ്മദലി അറിയിച്ചു.