‘ഭരണഘടനയുമായി മുസ്‌ലിം പള്ളിയില്‍ നിന്നും ഒരു ദളിത് ഹിന്ദു നേതാവ്’; ആസാദ് മാറുന്ന ഇന്ത്യയുടെ പ്രതീകമെന്ന് റസൂല്‍ പൂക്കുട്ടി

കൊച്ചി: പൗരത്വനിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ പ്രതിഷേധം നടത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മാറുന്ന ഇന്ത്യയുടെ പ്രതീകമാണെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഒരു ദളിത് ഹിന്ദു നേതാവ് ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയില്‍ നിന്ന് വിശുദ്ധ ഖുറാനോ, വിശുദ്ധ ഭഗവത്ഗീതയോ അല്ലാതെ ഇന്ത്യന്‍ ഭരണഘടനയുമായി പ്രത്യക്ഷപ്പെടുന്ന കാഴ്ച്ച മാറുന്ന ഇന്ത്യയേക്കുറിച്ച് ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ഈ രാജ്യത്തിന്റെ വൈവിധ്യത്തേയും രാജ്യത്തേയും സ്‌നേഹിക്കുന്നു എന്നും റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു. ഭീം ആര്‍മി നേതാവ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷമാണ് ഡല്‍ഹി പൊലീസിന്റെ സര്‍വ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ഡല്‍ഹി ജുമാ മസ്ജിദില്‍ ആയിരങ്ങളുടെ നടുവില്‍ ചന്ദ്രശേഖര്‍ ആസാദ് പ്രത്യക്ഷപ്പെട്ടത്. പൊലീസ് അദ്ദേഹത്തെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു. പിന്നീട് പൊലീസ് കുട്ടികളെ അടക്കം കസ്റ്റഡിയിലെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ കുട്ടികളെ വിട്ടയക്കാമെന്ന നിബന്ധനയില്‍ ചന്ദ്രശേഖര്‍ ആസാദ് കീഴടങ്ങുകയായിരുന്നു.

SHARE