കോഴിക്കോട് യുവാവ് വെടിയേറ്റു മരിച്ച സംഭവം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കുറ്റ്യാടി വിലങ്ങാട് പുളളിപ്പാറ വനപ്രദേശത്ത് വച്ച് യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുകള്‍. കോഴിക്കോട് ഇന്ദിരാ നഗറില്‍നിന്നുള്ള റഷീദ് (30) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെ റഷീദും സുഹൃത്തും നാടന്‍ തോക്കുമായി വനത്തില്‍ വേട്ടയ്ക്ക് പോയതായിരുന്നു. പുളളിപ്പാറ വനപ്രദേശത്ത് വച്ച് ഇന്ന് പുലര്‍ച്ചെ അബദ്ധത്തില്‍ തോക്ക് പൊട്ടുകയായിരുന്നെന്നാണു സംശയം. തോക്ക് വീണുപൊട്ടിയ രീതിയിലെല്ല പരിക്കെന്നും തലക്കും കയ്യിലും പരിക്കേറ്റിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

റഷീദിന്റെ കൂടെയുണ്ടായിരുന്ന അയല്‍വാസി സുഹൃത്ത് തന്നെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഇയാളെ കുറ്റ്യാടി പൊലിസ് ചോദ്യം ചെയ്യുന്നുണ്ട്‌.

വേട്ടക്കിടയില്‍ റഷീദ് കുഴിയില്‍ വീണെന്നും അബദ്ധത്തില്‍ വെടി പൊട്ടിയെ ന്നുമാണ് സുഹൃത്ത് ലിപിന്‍ മാത്യു പൊലീസിനോട് പറഞ്ഞത്. ലൈസന്‍സില്ലാത്ത തോക്ക് സ്വന്തമായി ഉണ്ടാക്കിയതാണെന്ന് ലിപിന്‍ പൊലീസിനോട് പറഞ്ഞു.

വനാതിര്‍ത്തിയില്‍ വേട്ടക്കിടെയുണ്ടായ അപകടത്തിനായതിനാല്‍ വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റ്യാടി സിഐ സുനില്‍കുമാറാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന.

SHARE