ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ റാപ് ഗായകനും സ്ഥിരം വിവാദനായകനുമായ കാനി വെസ്റ്റ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. റിയാലിറ്റി ടിവി താരം കിം കര്‍ദാഷ്യന്റെ ഭര്‍ത്താവു കൂടിയായ കാനി, തന്റെ മൂന്ന് കോടിയോളം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് അമേരിക്കന്‍ പ്രസിഡന്റാകാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത പിന്തുണക്കാരന്‍ കൂടിയായ റാപ്പറുടെ തീരുമാനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

വര്‍ണവറിക്കെതിരെ അമേരിക്കയില്‍ ഉയര്‍ന്ന കടുത്ത പ്രക്ഷോഭം ട്രംപിനെതിരെ കൂടിയായ പ്രതിഷേധമായിരിക്കെയാണ് കാനി വെസ്റ്റിന്റെ പ്രഖ്യാപനം വരുന്നത്. നവംബര്‍ മൂന്നിന് നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനാണ് പ്രധാന എതിരാളി. ഇതിനിടയ്ക്കാണ് കാനി അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് കടത്തു എതിരാളിയായി മുന്‍ വൈസ് പ്രസിഡന്റുകൂടിയായ ജോ ബിഡന്‍ ഉയര്‍ന്നിരിക്കെയാണ് വെല്ലുവിളിയുമായി കാനിയുടെ പ്രഖ്യാപനം.
ദൈവവിശ്വാസത്തോടെ അമേരിക്കയെന്ന വാഗ്‍ദാനം യാഥാര്‍ഥ്യമാക്കണം. കാഴ്‍ച്ചപ്പാടുകള്‍ ഒരുമിപ്പിക്കണം. ഭാവി നിര്‍മ്മിക്കണം. ഞാന്‍ യുഎസ് പ്രസിഡന്‍റ് ആകാന്‍ മത്സരിക്കുകയാണ് – ഇതായിരുന്നു കാന്യെയുടെ ട്വീറ്റ്. അമേരിക്കന്‍ പതാകയും ആശ്ചര്യചിഹ്നവും കാഴ്‍ച്ചപ്പാട് 2020 എന്ന ഹാഷ്‍ടാഗും കാന്യെ കൂടെ ചേര്‍ത്തിരുന്നു.
കാന്യെ വെസ്റ്റിന്‍റെ ട്വീറ്റിന് ഭാര്യ കിം കര്‍ദാഷ്യാന്‍ അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്‍ത് മറുപടി നല്‍കി.
തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് നടത്തിയ പ്രഖ്യാപനം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് വെസ്റ്റ് ഗൗരവമുള്ളയാളാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ട്രംപിന്റെ അനുകൂലിയായ കാനിയുടെ പ്രഖ്യാപനം, വര്‍ണവറിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ ബിഡന് അനുകൂലമാവാന്‍ സാധ്യതയുള്ള വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്. അതേസമയം നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിനായി ആവശ്യമായ ഔദ്യോഗിക പേപ്പര്‍വര്‍ക്കുകള്‍ പോലും കാനി സമര്‍പ്പിച്ചിട്ടുണ്ടോ എന്നതും വ്യക്തമല്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ബാലറ്റിലേക്ക് ചേര്‍ക്കാനുള്ള സമയപരിധി ഇതുവരെ പല സംസ്ഥാനങ്ങളിലും എത്തിയിട്ടില്ല.