അമിതാഭ് ബച്ചന്റെ വീട് കാണിക്കാമെന്ന് പറഞ്ഞ് മുംബൈയില്‍ ടൂറിസ്റ്റ് ഗൈഡ് വിദേശിയെ പീഡിപ്പിച്ചു

മുംബൈയില്‍ ഇറ്റാലിയന്‍ സ്വദേശിനിയെ ടൂറിസ്റ്റ് ഗൈഡ് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് 37 കാരി പൊലീസിന് പരാതി നല്‍കിയത്. മുംബൈയിലെ ഒരു ടൂറിസ്റ്റ് ബസില്‍ വച്ച് ജൂണ്‍ 14 നാണ് സ്ത്രീ ഗൈഡിനെ പരിചയപ്പെടുന്നതെന്നും, താന്‍ ഒരു ടൂര്‍ ഗൈഡാണെന്ന് പറഞ്ഞ് ഇയാള്‍ സ്ത്രീയുമായി പരിചയത്തിലാവുകയായിരുന്നുവെന്നും യുവതി പറയുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ഇയാളുടെ സേവനം തേടുകയായിരുന്നു.

യാത്ര അവസാനിച്ച ശേഷം രാത്രി ഏഴ് മണിക്ക് സിനിമാ നടന്‍ അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ച് തരാമെന്ന് സ്ത്രീയോട് ഇയാള്‍ പറഞ്ഞു. ബംഗ്ലാവ് കാണിച്ചതിന് ശേഷം തിരിച്ച് താമസിക്കുന്ന ഹോട്ടലില്‍ കൊണ്ടു ചെന്നാക്കും എന്നായിരുന്നു വാഗ്ദാനം. അമിതാഭ് ബച്ചന്റെ ബംഗ്ലാവിലേക്ക് പോകുന്നതിനായി കാറ് ബുക്ക് ചെയ്ത ശേഷം ഇയാള്‍ ഇടക്ക് മദ്യം വാങ്ങുകയും അത് തന്നെക്കൊണ്ട് കുടിപ്പിക്കുകയുമായിരുന്നെന്ന് അവര്‍ പറയുന്നു.

അതിന് ശേഷമാണ് ഇയാള്‍ കാറില്‍ നിന്നും ബലാത്സംഗം ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ എംബസിയുമായി സ്ത്രീ ബന്ധപ്പെട്ടു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസില്‍ അവര്‍ പരാതി നല്‍കിയത്. ഇപ്പോള്‍ ബലാത്സംഗക്കുറ്റം ചുമത്തി ഇയാള്‍ക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ്.

SHARE