തെറ്റായ പരിശോധനാ ഫല; റാപിഡ് ടെസ്റ്റ് നിര്‍ത്തിവെച്ച് രാജസ്ഥാന്‍


റാപിഡ് ടെസ്റ്റ് പരിശോധന നിര്‍ത്തിവച്ച് രാജസ്ഥാന്‍. തെറ്റായ പരിശോധനാ ഫലമാണ് ലഭിക്കുന്നതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ആരോഗ്യവകുപ്പ് റാപ്പിഡ് ടെസ്റ്റ് പരിശോധന നിര്‍ത്തിവച്ചിരിക്കുന്നത്. ഐസിഎംആറിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

5.4% കൃത്യതയാര്‍ന്ന ഫലം മാത്രമാണ് കിറ്റ് നല്‍കുന്നതെന്ന് രാജസ്ഥാന്‍ ആരോഗ്യ മന്ത്രി രഖു ശര്‍മ പറയുന്നു. സവായ് മന്‍ സിംഗ് ആശുപത്രിയില്‍ രൂപീകരിച്ച ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ വീഴ്ച ചൂണ്ടിക്കാട്ടിയത്.

168 സാമ്പിളുകളാണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് നടത്തിയത്. ഇതില്‍ കൊവിഡ് പോസിറ്റീവായ രോഗികളുടെ സാമ്പിളുകളും പരിശോധിച്ചിരുന്നു. പിസിആര്‍ ടെസ്റ്റ് വഴി കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞ സാമ്പിളുകള്‍ എന്നാല്‍ റാപ്പിഡ് ടെസ്റ്റ് കിറ്റ് വഴി പരിശോധിച്ചപ്പോള്‍ നെഗറ്റീവാണ് കാണിച്ചത്.

സമിതിയുടെ നിര്‍ദേശ പ്രകാരം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവച്ചുവെന്ന് മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് ഐസിഎംആറിന് വിവരം കൈമാറിയിട്ടുണ്ടെന്നും അവരുടെ മറുപടിക്കായി കാത്ത് നില്‍ക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രാജസ്ഥാനില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചുള്ള സ്രവ പരിശോധന ആരംഭിച്ചത്.

SHARE