റഫാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ മൂന്നു കാര്യങ്ങള്‍ മറക്കരുത്: ശശി തരൂര്‍


ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നെത്തിയ റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമതാവളത്തിലെത്തിയതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. റഫാല്‍ യുദ്ധവിമാനം ഇന്ത്യയിലെത്തുമ്പോള്‍ മൂന്നു കാര്യങ്ങള്‍ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നാമതായി റഫാല്‍ യുപിഎയുടെ തെരഞ്ഞെടുപ്പായിരുന്നു. 126 റഫാല്‍ വിമാനങ്ങള്‍ക്കായിരുന്നു യുപിഎ സര്‍ക്കാര്‍ അന്ന് കരാര്‍ നല്‍കിയിരുന്നത്. മോദി സര്‍ക്കാര്‍ ആ പദ്ധതിയില്‍ മാറ്റം വരുത്തിയെന്നതാണ് രണ്ടാമത്തെ കാര്യം.126 വിമാനങ്ങള്‍ എന്നത് 36 ആക്കി ചുരുക്കുകയും ആഭ്യന്തര ഉല്‍പാദനത്തില്‍ കുറവു വരുത്തുകയും ചെയ്തു. ഈ 36 വിമാനങ്ങളുടെ വിലയുടെ കാര്യത്തില്‍ തന്നെ ഗുരുതരമായ ചില ചോദ്യങ്ങളുണ്ടെന്നും മൂന്നാമതായി അദ്ദേഹം ഒാര്‍മിപ്പിച്ചു.

ഹരിയാനയിലെ അംബാല വ്യോമ താവളത്തില്‍ ഇന്ന് ഉച്ചയോടെയാണ് അഞ്ച് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്.
ഫ്രഞ്ച് തുറമുഖ നഗരമായ ബോര്‍ദോയില്‍ നിന്ന് 7,000 കിലോമീറ്റര്‍ പറന്നാണ് യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. ഫ്രാന്‍സിലെ മെറിനിയാക് വ്യോമതാവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് വിമാനങ്ങള്‍ അബുദാബി വ്യോമതാവളത്തിലെത്തിയത്. അബുദാബിയിലെ അല്‍ദഫ്ര വ്യോമതാവളത്തില്‍ നിന്ന് രാവിലെയാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. 59,000 കോടി രൂപ മുടക്കിയാണ് 36 അത്യാധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഡസോ ഏവിയേഷനുമായി ഇന്ത്യ ഒപ്പിട്ടത്.

SHARE