ക്രൂരമായ പീഡനം: ചോരയിറ്റുന്ന ഭ്രൂണവുമായി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍

ഭോപാല്‍: കൂട്ടബലാല്‍സംഗത്തെ കുറിച്ച് പരാതി പറയാന്‍ ചോരയിറ്റുന്ന ഭ്രൂണവുമായി ദളിത് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍. മധ്യപ്രദേശിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി പേര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്നാണ് അബോര്‍ഷന്‍ സംഭവിച്ചതെന്നും എസ്.പി ഓഫീസിലെത്തിയ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

മധ്യപ്രദേശിലെ സാത്‌ന ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. നീരജ് പാണ്ഡെ, സഹോദരന്‍ ധീരജ് പാണ്ഡെ, അബോര്‍ഷന്‍ നടത്തിയ നഴ്‌സ് സപ്‌ന പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്.

തന്നെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പീഡനത്തെക്കുറിച്ച് പരാതി പറയാതിരിക്കാന്‍ നീരജ് പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

പെണ്‍കുട്ടിക്ക് വയറുവേദന വന്നതിനെ തുടര്‍ന്നാണ് കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. പെണ്‍കുട്ടി അമ്മയോടൊപ്പം ആശുപത്രിയിലേക്ക് പോകുമ്പോള്‍ പ്രതിയായ നീരജ് അവരെ ബലമായി ഒരു നഴ്‌സിന് സമീപത്തേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് അബോര്‍ഷന്‍ ചെയ്യുകയുമായിരുന്നു.

SHARE