മാനഭംഗം; പ്രധാനാധ്യാപകന്റെ പേരെഴുതിവെച്ച് പത്താംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

ഭുവനേശ്വര്‍: ഒഡിഷയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി സ്‌കൂളിലെ കംപ്യൂട്ടര്‍ ലാബില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിക്പല്ലിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പുസ്തകത്തില്‍ നിന്ന് പൊലീസിന് ഇതുസംബന്ധിച്ച് കുറിപ്പ് ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ചിലരെ ഇത്തരത്തില്‍ നേരത്തേയും പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ ഉപദ്രവിച്ചതായി കുറിപ്പില്‍ പറയുന്നു. ഇതിനിടെ പ്രധാന അധ്യാപകനെതിരെ പരാതിയുമായി മറ്റൊരു പെണ്‍കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

കൈയിലെ ഞരമ്പ് മുറിച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. വലതു കൈയിലുണ്ടായ മുറിവു കാരണമാണ് പെണ്‍കുട്ടിക്ക് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ പ്രധാന അധ്യാപകന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊല്ലുകയായിരുന്നെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ രംഗത്തെത്തി. സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെ പോക്‌സോ, ഐപിസി 376, 341 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.