ബലാത്സംഗക്കേസില്‍ നടപടിയില്ല; മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ബലാത്സംഗത്തിനിരയായതായി പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് യുവതി മുഖ്യമന്ത്രിയുടെ വസതിയുടെ വീടിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വീടിനു മുന്നിലാണ് യുവതി പ്രതിഷേധമുയര്‍ത്തി ആത്മഹത്യക്കു ശ്രമിച്ചത്.

വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ ഭോപ്പാലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ബലാത്സംഗക്കേസില്‍ പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചത്.

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും യുവതി ആരോപിച്ചു. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് യുവതി ആത്മഹത്യക്കു ശ്രമിച്ചത്.