സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്; ഇപ്പോള്‍ കൂടുതല്‍ പബ്ലിസിറ്റി:ബി.ജെ.പി എം.പി ഹേമമാലിനി

ലഖ്‌നൗ: കഠ്‌വ, ഉന്നാവോ കൊലപാതകങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി രംഗത്ത്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇതിനു മുമ്പും അതിക്രമങ്ങള്‍ നടന്നിട്ടുണെന്നും മുമ്പെന്നും ലഭിച്ചിട്ടില്ലാത്ത് മാധ്യമ പബ്ലിസിറ്റി ഇത്തരം വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നെന്നും അവര്‍ പറഞ്ഞു.

അതിക്രമങ്ങള്‍ക്ക് ഇപ്പോള്‍ വലിയ പ്രചരണമാണ് കിട്ടുന്നത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ ആരും അറിഞ്ഞില്ലെന്ന് മാത്രം, ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും ഹേമമാലിനി വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുത്. സര്‍ക്കാര്‍ ഇതിനെതിരെ മുന്‍ കരുതല്‍ എടുക്കുകയും ഇതിന് പരിഹാരം കണ്ടെത്തുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് തന്നെ കോട്ടമുണ്ടാക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.