പീഡനക്കേസ് പ്രതി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പീരുമേട് സബ് ജയിലിലേക്കു കോടതി റിമാന്‍ഡ് ചെയ്ത തടവുകാരന്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുമളി ഡൈമുക്ക് സ്വദേശി ചുരളി (42) യാണ് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാവിലെ സബ് ജയിലിലെ തടവുമുറിയിലാണു സംഭവം. ജനനേന്ദ്രിയം ഏതാണ്ടു പൂര്‍ണമായും മുറിച്ചു മാറ്റിയതിനെ തുടര്‍ന്നു രക്തം പ്രവഹിച്ചതോടെയാണു സഹതടവുകാര്‍ ശ്രദ്ധിച്ചത്. ജയില്‍ ഉദ്യോഗസ്ഥര്‍ എത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീടു കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

ഷേവ് ചെയ്യാന്‍ നല്‍കിയ ബ്ലേഡ് ഉപയോഗിച്ചാണു ചുരളി കൃത്യം നടത്തിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ജയിലിലെ തടവുകാര്‍ക്കു ചൊവ്വാഴ്ചയാണു ഷേവിങ്ങിനു സൗകര്യം നല്‍കുന്നത്. നാലു മാസം മുമ്പ് അറസ്റ്റിലായി ജയിലില്‍ എത്തിയ ചുരളിക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യക്കാര്‍ ഹാജരാകാത്തതിനാല്‍ റിമാന്‍ഡില്‍ തുടരുകയായിരുന്നു.

SHARE