പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടി മരിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ലൈംഗിക പീഡനം, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കോട്ടയം: മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശികളായ മഹേഷ്, അനന്തു, രാഹുല്‍രാജ് എന്നിവരെയാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന നാലാമത്തെ പ്രതിക്കായുളള അന്വേഷണം തുടരുകയാണ്. പീഡന വിവരം പുറത്താകും എന്ന ഭയത്താല്‍ പെണ്‍കുട്ടിയും കൂട്ടുകാരിയും പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

തിങ്കളാഴ്ചയാണ് 15കാരിയും കൂട്ടുകാരിയും മണിമലയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച ശേഷം ഇവര്‍ പുഴയിലേക്ക് എടുത്തുച്ചാടുകയായിരുന്നു. പുഴയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പറഞ്ഞയച്ചു.

വീട്ടുകാര്‍ ദേഷ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടികള്‍ ആദ്യം നല്‍കിയ മൊഴി. മൊഴിയിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടികള്‍ പീഡന വിവരം പുറത്ത് പറഞ്ഞത്. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും പീഡനം നടന്നതായി പൊലീസിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ഇത് വ്യക്തമായതായി പൊലീസ് പറയുന്നു. ഇതിന് പുറമേ മൊബൈല്‍ ഫോണിലെ വോയ്‌സ് മെസേജുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പലയിടത്തും കൊണ്ടുപോയി പ്രതികള്‍ പീഡിപ്പിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ഇത് പുറംലോകം അറിയുമെന്ന ഭയമാണ് പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ നാലാമത്തെയാള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

SHARE