നിസഹായാവസ്ഥയില്‍ ലൈംഗിക പീഡനത്തിന് വഴങ്ങുന്നത് സമ്മതമല്ല; എട്ടാംക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ 67കാരന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി


കൊച്ചി: പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ തിരുവല്ല സ്വദേശി 67കാരനായ പി.കെ. തങ്കപ്പന് പത്തനംതിട്ട സെഷന്‍സ് കോടതി വിധിച്ച എട്ടു വര്‍ഷത്തെ തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. നിസ്സഹായവസ്ഥയില്‍ ലൈംഗികപീഡനത്തിനു വഴങ്ങുന്നത് സമ്മതമായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തിയാണ് കോടതിയുടെ നടപടി. സാമൂഹികവും മാനസികവുമായ ഭീഷണിയാലുള്ള കീഴടങ്ങല്‍ സമ്മതമായി കണക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2009 ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. എന്നാല്‍ നിരപരാധിയാണെന്നും പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ചൂണ്ടിക്കാട്ടി പ്രതി നല്‍കിയ അപ്പീല്‍ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.

വീട്ടില്‍ ടി.വി കാണാനെത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചെന്നും പിന്നീടു പ്രതി ആവശ്യപ്പെട്ടപ്പോഴൊക്കെ പെണ്‍കുട്ടിക്ക് വഴങ്ങേണ്ടി വന്നെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി ഇതിനെ തുടര്‍ന്ന് ഗര്‍ഭിണിയായി. വിളിച്ചപ്പോഴൊക്കെ പ്രതിയുടെ വീട്ടിലേക്ക് വന്ന പെണ്‍കുട്ടി വഴങ്ങിയതിനെ സമ്മതമായി കണക്കാക്കണമെന്നായിരുന്നു അപ്പീലിലെ വാദം. എന്നാല്‍, ഈ വാദം തെറ്റാണെന്നും പെണ്‍കുട്ടിയുടെ സമ്മതം നിസ്സഹായവസ്ഥയില്‍ നിന്നുണ്ടായതാണെന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി.

SHARE