ടിക്ക് ടോക്ക് സൗഹൃദം: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ ആണ് പിടിയിലായത്. കേസില്‍ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. പ്രതി മുമ്പും പോക്‌സോ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നി സമൂഹമാധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടിയുമായി പ്രമില്‍ലാല്‍ സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും വിവിധ കേന്ദ്രങ്ങളിലെത്തിച്ചും പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.

തലശേരി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് എറണാകുളത്ത് നിന്ന് വീട്ടില്‍ എത്തിയ പ്രമില്‍ലാലിനെ കൂത്തുപറമ്പ് സിഐ ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് എത്തിയതോടെ പ്രമില്‍ലാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് സാഹസികമായാണ് അന്വേഷണസംഘം കീഴ്‌പ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട മറ്റു നാലുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

SHARE