അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കി; സ്‌കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയതിന് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

പീഡിപ്പിച്ച അധ്യാപകനെതിരെ പരാതിപ്പെട്ടതിന് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് ടിസി. സ്‌കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ചാണ് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിക്ക് ടിസി നല്‍കിയത് . സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. 12ാം ക്ലാസുകാരിയായ പെണ്‍കുട്ടിയെയാണ് അധ്യാപകനായ രഞ്ജിത്ത് പീഡിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഇതേ സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. സംഭവം പുറത്തായതിന് പിന്നാലെ കുറ്റാരോപിതനായ അധ്യാപകനെ സംരക്ഷിച്ച സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരനെയും സ്‌കൂളില്‍ നിന്ന് പുറത്താക്കി. പിന്നാലെ അച്ഛനെയും അമ്മയെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

ഭിവാനിയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിയാണ് കുട്ടിയുടെ അമ്മ വിഷം കഴിച്ചത്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാനായി. സംഭവം വിവാദമായതിന് പിന്നാലെ പീഡനക്കുറ്റം ആരോപിക്കപ്പെട്ട അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടിക്കും സഹോദരനും തുടര്‍ന്നും ഇവിടെ പഠിക്കാന്‍ അനുവദിക്കണമെന്ന ഉത്തരവ് പാലിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യാറായില്ല.