പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കടത്തി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വെവ്വേറെ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഒറ്റൂര്‍ മുള്ളറംകോട് പ്രസിഡന്റ് മുക്ക് പാണന്‍ കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ രാഹുല്‍ (19), ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് കോളനിയില്‍ ഷിജു (28) എന്നിവരാണ് അറസ്റ്റിലായത്.

15 കാരിയെ പീഡിപ്പിച്ച ശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുലിനെ പേരൂര്‍ക്കടയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 17 കാരിയെ കൂട്ടികൊണ്ടുപോയി മൂങ്ങോട് കായലിനു സമീപം കുറ്റിക്കാട്ടില്‍ വച്ച് പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഷിജുവിനെ കാറാത്തലയ്ക്ക് സമീപവും വച്ചാണ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ പരാതിയില്‍മേല്‍ അന്വേഷണം നടക്കവെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

SHARE