പതിനഞ്ചുകാരിയായ മകളെ മാസങ്ങളോളം പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

വയനാട്: മകളെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കിയ പിതാവ് പൊലീസ് പിടിയിലായി. പതിനഞ്ചുവയസുകാരിയെ മകളെ ഇയാള്‍ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. വയനാട് കമ്പളക്കാട് എന്ന പ്രദേശത്താണ് സംഭവം.

രണ്ടാം ഭാര്യയിലുണ്ടായ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 2017 മുതല്‍ 2018 ഡിസംബര്‍ വരെ പല ദിവസങ്ങളിലായി വീട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഭയം കാരണം പെണ്‍കുട്ടി ഇത്രനാളും വിവരം പുറത്തു പറഞ്ഞിരുന്നില്ല.

എന്നാല്‍, കഴിഞ്ഞ ദിവസം പീഡന വിവരം പെണ്‍കുട്ടി അധ്യാപികയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും, കമ്പളക്കാട് പൊലീസ് പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുക്കുകയും ചെയ്തു. പോക്‌സോ വകുപ്പ് ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പിന്നീട് കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. പീഡനത്തെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ നിന്ന് കരകയറാത്ത പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.

SHARE