ഭര്‍ത്താവിന് മദ്യം നല്‍കി ഭാര്യയെ പീഡിപ്പിച്ച സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ അശോക് നഗര്‍ ജില്ലയിലെ ബിജെപിയുടെ മാധ്യമവക്താവാണ് അറസ്റ്റിലായ ദേവേന്ദ്ര തമ്രാക്കര്‍.

ഞായറാഴ്ചയാണ് സിങ്ക്രോലി ജില്ലയിലെ പോലീസ് തമ്രാക്കറിനെ അറസ്റ്റ് ചെയ്തത്. 2019 നവംബര്‍ 30ന് തമ്രാക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് സ്ത്രീ നല്‍കിയിരിക്കുന്ന പരാതി. ഡിസംബര്‍ 31 നാണ് ഇയാള്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയത്. തമ്രാക്കറിന്റെ കൃഷിയിടത്തിലാണ് സ്ത്രീയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്.

വാരണസിയിലേക്ക് ചെന്നാല്‍ ഖനിയില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് തന്നേയും ഭര്‍ത്താവിനേയും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് അയാള്‍ എന്റെ ഭര്‍ത്താവിന് മദ്യം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പോലീസിനോടോ മറ്റാരോടെങ്കിലുമോ ഈ സംഭവം പറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

SHARE