ലക്‌നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയേയും അമ്മയേയും ജാമ്യത്തിനറങ്ങിയ പ്രതി ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുപ്പുതുകാരനായ പ്രതി യശ്വീറാണ് ചന്തയില്‍ നിന്നും മടങ്ങുകയായിരുന്നും അമ്മക്കും മകള്‍ക്കും മുകളിലുടെ ട്രാക്ടര്‍ ഓടിച്ചു കയറ്റിയത്.
ബുധനാഴ്ച കസ്ഗഞ്ചിലെ അമാപൂര്‍ പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയും അമ്മയും ചന്തയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതി ട്രാക്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പ്രകോപിതരായ ഗ്രാമവാസികള്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദേഹങ്ങള്‍ മാറ്റാന്‍ അനുവദിക്കാതെ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം യശ്വീര്‍ പിന്നീട് അറസ്റ്റിലായതായും പ്രതിക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.
ഇരയുടെ കുടുംബവും പ്രതിയുടെ കുടുംബവും തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് കസ്ഗഞ്ച് പോലീസ് സൂപ്രണ്ട് പറഞ്ഞു.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് യശ്വീറിന്റെ പിതാവ് മഹാവീര്‍ രജ്പുത്തിനെ കൊലപ്പെടുത്തിയ കേസില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ജയിലില്‍ കിടന്ന സമയത്ത് മഹാവീര്‍ രജപുത്രന്റെ മകന്‍ യശ്വീര്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായരുന്നു. തുടര്‍ന്ന് യുവതിയും അമ്മയും പരാതി നല്‍കിയതോടെ യശ്വീര്‍ അകത്തായി.
എന്നാല്‍, ജയിലില്‍ നിന്ന് അടുത്തിടെയാണ് യശ്വീര്‍ ജാമ്യത്തിലിറങ്ങിയത്. പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാനായാണ് യശ്വീര്‍ ട്രാക്ടറില്‍ ഇടിച്ച് പെണ്‍കുട്ടിയേയും അമ്മയേയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. അതേസമയം, അപകടമരണമെന്ന നിലയിലാണ് കേസ് ആദ്യം പരിഗണിച്ചിരുന്നുത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ യശ്വീറിനും സഹോദരനും എതിരെ കേസെടുത്തതായി കസ്ഗഞ്ച് എസ്പി അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.